ഏഷ്യന്‍ കപ്പ് സെമി
ജോര്‍ദാന്‍ x തെക്കന്‍ കൊറിയ
നാളെ വൈകുന്നേരം 6.00
ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ സെമി ഫൈനലിന് ജോര്‍ദാന്‍ നാളെ ബൂട്ട് കെട്ടുന്നു. പശ്ചിമേഷ്യയില്‍ നിന്ന് ഇത്തവണ സെമിഫൈനലിലെത്തിയ രണ്ട് ടീമുകളാണ് ജോര്‍ദാനും ആതിഥേയരായ ഖത്തറും. പേഴ്‌സ്യയില്‍ നിന്ന് ഇറാനും അവസാന നാലിലെത്തി. കിഴക്കനേഷ്യയുടെ മൊത്തം പ്രതീക്ഷകളാണ് തെക്കന്‍ കൊറിയ പേറുന്നത്.
ഖത്തര്‍ ആദ്യമായി ചാമ്പ്യന്മാരായത് 2019 ലാണ്. ഖത്തര്‍ വേദിയൊരുക്കിയ ലോകകപ്പില്‍ അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയ ടീമിന് സ്വന്തം കണികള്‍ക്കു മുന്നില്‍ ഏഷ്യന്‍ കിരീടം നിലനിര്‍ത്താനുള്ള അവസരമാണ് ഇത്. ജോര്‍ദാന്‍ ആദ്യമായാണ് സെമി കളിക്കുന്നത്. തെക്കന്‍ കൊറിയ രണ്ടു തവണ ചാമ്പ്യന്മാരായിരുന്നു, രണ്ടും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും വലിയ ഓര്‍മുണ്ടാവില്ല. 1956 ലും 1960 ലും. ഇറാന്‍ ചാമ്പ്യന്മാരായതും ഒരുപാട് കാലം മുമ്പാണ് -1968 ലും 1972 ലും 1976 ലും അവര്‍ ഹാട്രിക് കിരീടം നേടി. പിന്നീട് ഫനലില്‍ പോലും എത്താനായിട്ടില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നു ജോര്‍ദാനും കൊറിയയും. ഇഞ്ചുറി ടൈമില്‍ സെല്‍ഫ് ഗോളിന്റെ ബലത്തിലാണ് കൊറിയ 2-2 സമനിലയുമായി രക്ഷപ്പെട്ടത്. ഹ്വാംഗ് ഇന്‍ ബ്യോമിന്റെ ഷോട്ട് യസാന്‍ അല്‍അറബ് സ്വന്തം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 87 ാം സ്ഥാനത്തുള്ള ജോര്‍ദാന്‍ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏറ്റവും റാങ്ക് കുറഞ്ഞ ടീമാണ്. അതേസമയം പ്രി ക്വാര്‍ട്ടറില്‍ സൗദി അറേബ്യക്കെതിരെയും ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെയും തോല്‍വിയുടെ വായില്‍ നിന്ന് വിജയം പിടിച്ചുവാങ്ങിയ ആത്മവിശ്വാസമുണ്ട് കൊറിയക്ക്.