ദുരന്തമായി മെസ്സി ടൂര്‍, കേരളത്തിനും പാഠം

ഹോങ്കോംഗ് - മെസ്സി എന്ന ഇംഗ്ലിഷ് വാക്കിനര്‍ഥം അലങ്കോലം എന്നാണ്. ലിയണല്‍ മെസ്സിയുടെയും ഇന്റര്‍ മയാമിയുടെയും ഗ്ലോബല്‍ ടൂര്‍ അക്ഷരാര്‍ഥത്തില്‍ അലങ്കോലവും ടീമിന് ദുഷ്‌പേരുണ്ടാക്കുന്നതുമായി. മെസ്സിയും ലൂയിസ് സോറസിനെയും പോലുള്ള കളിക്കാരെ വെച്ച് ഇന്റര്‍ മയാമിക്ക് പ്രചാരണവും സ്‌പോണ്‍സര്‍ഷിപ്പും ആകര്‍ഷിക്കുകയും ബ്രാന്റ് സൃഷ്ടിക്കുകയുമാണ് ക്ലബ്ബ് ഉദ്ദേശിച്ചതെങ്കില്‍ സംഭവിച്ചത് നേര്‍വിപരീതമാണ്, കളിക്കളത്തിലും പുറത്തും. എഫ.സി ഡാളസിനോടും എല്‍സാല്‍വഡോറിനോടും സൗദി അറേബ്യന്‍ ക്ലബ്ബുകളോടും തോറ്റു. മെസ്സി കളിക്കാതിരുന്നതോടെ ഹോങ്കോംഗില്‍ കാണികള്‍ ഇളകി. ബുധനാഴ്ച ജപ്പാനില്‍ കളിച്ച് ടീം നാട്ടിലേക്ക് മടങ്ങും. 16 ന് മെസ്സിയുടെ ബാല്യകാല ടീം നെവെല്‍ ഓള്‍ഡ് ബോയ്‌സിനെതിരെ ഫ്‌ളോറിഡയിലാണ് അവസാന പ്രി സീസണ്‍ മത്സരം. 
ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ 12 ഗോളാണ് ഇന്റര്‍ മയാമി വാങ്ങിക്കൂട്ടിയത്. ഏക ജയം ഹോങ്കോംഗിലെ പ്രാദേശിക ടീമിനെതിരെ നേടിയ 4-1 ആണ്. കാണികള്‍ റീഫണ്ട് ആവശ്യപ്പെട്ടതോടെ ആ മത്സരത്തിന്റെ നിറം മങ്ങി. മുപ്പത്താറുകാരനായ മെസ്സിയും മുപ്പത്തേഴുകാരനായ സോറസിനും പരിക്കേറ്റത് കാര്യങ്ങള്‍ വഷളാക്കി. മത്സരത്തില്‍ മെസ്സിക്ക് പങ്കെടുക്കാനാവാത്തതില്‍ കോച്ച് ജെറാഡൊ മാര്‍ടിനൊ മാപ്പ് പറഞ്ഞു. 
സൗദിയില്‍ അല്‍ഹലിലാലിനെതിരെ മെസ്സിയും സോറസും കളിച്ചിരുന്നു. എന്നാല്‍ അന്നസ്‌റിനെതിരെ അവസാന ഏഴ് മിനിറ്റിലാണ് കളത്തിലിറങ്ങിയത്. 22 ന് മേജര്‍ ലീഗ് ആരംഭിക്കാനിരിക്കെ പരിക്ക് വഷളാക്കാനാവില്ലെന്ന നിലപാടിലാണ് കോച്ച്. 
മെസ്സിയുടെ മത്സരത്തിന് ഹോങ്കോംഗ് സര്‍ക്കാര്‍ 1.6 കോടി ഡോളര്‍ സബ്‌സിഡി നല്‍കേണ്ടതായിരുന്നു. മെസ്സി കളിക്കാതിരുന്നതോടെ അതിനുള്ള അപേക്ഷ സംഘാടകര്‍ പിന്‍വലിച്ചു. 
മെസ്സിയുടെ പ്രായവും പരിക്കും കേരളത്തിനും പാഠമാണ്. മെസ്സി കളിക്കുമെന്ന് പ്രചരിപ്പിച്ച് കോടികളുടെ സ്‌പോണ്‍സര്‍ഷിപ് സമ്പാദിച്ച് ഒടുവില്‍ താരം വിട്ടുനിന്നാല്‍ കലാപത്തിന് വരെ കാരണമായേക്കാം. ഫണ്ട് തിരിച്ചുനല്‍കേണ്ട അവസ്ഥയിലേക്ക് ബന്ധപ്പെട്ടവര്‍ എത്തിച്ചേരും.
 

Latest News