കുവൈത്ത് സിറ്റി- കുവൈത്തിൽ വരും നാളുകളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിപ്പ്.ശൈത്യകാലത്തിന്റെ അവസാന സീസൺ ഫെബ്രുവരി 10 മുതൽ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ കൂടിയ തണുപ്പ് അനുഭവപ്പെടുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ അറിയിച്ചു.ഈ സീസൺ ശൈത്യകാലത്തിനും വസന്തത്തിനും ഇടയിലുള്ള പരിവർത്തന കാലഘട്ടമായിരിക്കുമെന്നും കേന്ദ്രം പറഞ്ഞു. സീസണിന്റെ അവസാനത്തിൽ താപനില തണുപ്പിനും താരതമ്യേന ചൂടിനും ഇടയിലായിരിക്കുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.
മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ശൈത്യകാലത്ത് കുവൈത്തിൽ വലിയ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. ഈ വർഷം രേഖപ്പെടുത്തിയ കുറഞ്ഞ താപനില 17.16 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇത് 14.81 ഡിഗ്രി സെൽഷ്യസിനും 15.39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു.






