വിശാഖപട്ടണം - സ്പിന്നനുകൂലമായ പിച്ചിലും പെയ്‌സ്ബൗളിംഗ് മായാജാലം പുറത്തെടുത്ത് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ പോലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കാര്‍ക്കും മൂന്നിലേറെ വിക്കറ്റെടുക്കാന്‍ സാധിച്ചിട്ടില്ല. ഹൈദരാബാദില്‍ 68 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ആര്‍. അശ്വിന്റേതാണ് മികച്ച പ്രകടനം. എന്നാല്‍ ബുംറ മൂന്നു തവണ ആ നേട്ടം കൈവരിച്ചു. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സിന് നാല് വിക്കറ്റ്, വിശാഖപട്ടണത്ത് ആദ്യ ഇന്നിംഗ്‌സില്‍ 45 റണ്‍സിന് ആറും രണ്ടാം ഇന്നിംഗ്‌സില്‍ 46 റണ്‍സിന് മൂന്നും.
ഇന്ത്യയുടെ യുവനിരക്കും ഇത് അഭിമാനിക്കാവുന്ന ടെസ്റ്റാണ്. യശസ്വി ജയ്‌സ്വാള്‍ ഇരട്ട സെഞ്ചുറിയും ശുഭ്മന്‍ ഗില്‍ സെഞ്ചുറിയും നേടി. അവസാനമായി 25 വയസ്സിന് താഴെയുള്ള രണ്ടു പേര്‍ ഇന്ത്യക്കു വേണ്ടി ഒരേ ടെസ്റ്റില്‍ സെഞ്ചുറി നേടിയത് 1996 ലാണ്. ഇംഗ്ലണ്ടിനെതിരെ സചിന്‍ ടണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും.