ആബിദ്ജാന്‍ - ഫുട്‌ബോളില്‍ മഹേന്ദ്രജാലം എന്നൊന്നുണ്ടെങ്കില്‍ ഇതാണ്. ആദ്യ റൗണ്ടില്‍ പുറത്തായെന്ന് ഉറപ്പാവുകയും കോച്ചിനെ തെറിപ്പിക്കുകയും ചെയ്ത നിരവധി ഐവറികോസ്റ്റ് നിരവധി അദ്ഭുതങ്ങള്‍ കടന്ന് ആഫ്രിക്കന്‍ കപ്പില്‍ സെമിഫൈനലിലെത്തി.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളില്‍ രണ്ടും തോറ്റതോടെ ആതിഥേയ ടീം പുറത്തായെന്ന് വിധിയെഴുതിയതായിരുന്നു. ഇക്വറ്റോറിയല്‍ ഗ്വിനിയോടുള്ള 0-4 തോല്‍വി നാണക്കേടിന്റെ റെക്കോര്‍ഡായിരുന്നു. അതോടെ കോച്ചിനെ പുറത്താക്കി. പകരം പരിശീലകനെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല. മറ്റൊരു ഗ്രൂപ്പിലെ മത്സരത്തില്‍ സാംബിയയെ മൊറോക്കൊ തോല്‍പിച്ചതിനാല്‍ മാത്രമാണ് ഐവറികോസ്റ്റ് പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
നിലവിലെ ചാമ്പ്യന്മാരായ സെനഗാലിനെതിരെ പ്രി ക്വാര്‍ട്ടറില്‍ അവര്‍ പിടിച്ചുനില്‍ക്കുമെന്ന് ആരും കരുതിയില്ല. നാലാം മിനിറ്റില്‍ സെനഗാല്‍ സ്‌കോര്‍ ചെയ്തു. സൗദി ലീഗില്‍ കളിക്കുന്ന ഫ്രാങ്ക് കെസി 86ാം മിനിറ്റില്‍ അടിച്ച ഗോളിലൂടെ പക്ഷെ ഐവറികോസ്റ്റ് എക്‌സ്ട്രാ ടൈമിലേക്ക് കളി നീട്ടി. ഷൂട്ടൗട്ടില്‍ കെസി തന്നെ വീണ്ടും ഐവറികോസ്റ്റിന്റെ ഹീറോ ആയി.
മാലിക്കെതിരെ ക്വാര്‍ട്ടറില്‍ വീണ്ടും മഹാദ്ഭുതമായിരുന്നു. 43ാം മിനിറ്റ് മുതല്‍ പത്തു പേരുമയാണ് അവര്‍ കളിച്ചത്. 71ാം മിനിറ്റില്‍ മാലി മുന്നിലെത്തി. ഇഞ്ചുറി ടൈമിലാണ് സൈമണ്‍ അദിന്‍ഗ്രയിലൂടെ ഐവറികോസ്റ്റ് തിരിച്ചടിച്ചത്. എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍ ഉമര്‍ ദിയാകിറ്റേയിലൂടെ അവര്‍ വിജയഗോള്‍ സ്‌കോര്‍ ചെയ്തു. പിന്നാലെ ദിയാകിറ്റെയും ചുവപ്പ് കാര്‍ഡെങ്കിലും ഒമ്പതു പേരുമായി അവര്‍ ജയം പിടിച്ചു.
നാല് പെനാല്‍ട്ടികള്‍ രക്ഷിച്ച ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസിന്റെ സഹായത്തില്‍ കേപ് വെര്‍ദെയെ ഷൂട്ടൗട്ടില്‍ മറികടന്ന് ദക്ഷിണാഫ്രിക്കയും സെമിയിലെത്തി.