ബെനോനി - ഒരു ഉപകാരം ചെയ്യാമെന്നു വെച്ചാല്‍ ഇക്കാലത്ത് ആരും സമ്മതിക്കില്ല. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഹംസ ശെയ്ഖിന് സംഭവിച്ചത് അതാണ്. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ഡിഫന്റ് ചെയ്ത ശേഷം നിശ്ചലമായ പന്ത് വിക്കറ്റ്കീപ്പര്‍ക്ക് എടുത്തു കൊടുക്കാന്‍ സന്മനസ്സ് കാട്ടിയതാണ് ഹംസ ശെയ്ഖ്. എന്നാല്‍ വിക്കറ്റ്കീപ്പര്‍ റയാന്‍ കാംവെംബ പന്ത് സ്വീകരിച്ച ശേഷം നന്ദികേട് കാണിച്ചു. കാംവെംബയും ബൗളര്‍ റയാന്‍ സിംബിയും അപ്പീല്‍ ചെയ്തു.
അതോടെ ഫീല്‍ഡ് അമ്പയര്‍മാരായ ഡോണോവന്‍ കോച്ചും മസൂദുറഹമാനും മൂന്നാം അമ്പയര്‍ക്ക് തീരുമാനം വിട്ടു. ഫീല്‍ഡ് തടസ്സപ്പടുത്തിയെന്ന കുറ്റത്തിന് ശെയ്ഖിനെ മൂന്നാം അമ്പയര്‍ നൈജല്‍ ഡുഗൂയ്ഡ് ഔട്ട് വിധിച്ചു. നേരത്തെ ഹാന്‍ഡിലിംഗ് ദ ബോള്‍ എന്നാണ് ഇത്തരം ഔട്ടുകളെ പറഞ്ഞിരുന്നത്.
ഇതെന്തൊരു മര്യാദകേടാണെന്ന് മുന്‍ ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവാര്‍ട് ബ്രോഡ് പ്രതികരിച്ചു. ഏതാനും മാസം മുമ്പ് ന്യൂസിലാന്റിനെതിരായ ടെസ്റ്റില്‍ ഡിഫന്റ് ചെയ്ത പന്ത് സ്റ്റമ്പിലേക്ക് നീങ്ങവെ ചവിട്ടിത്തെറിപ്പിച്ചതിന് ബംഗ്ലാദേശിന്റെ മുശ്ഫിഖുറഹീം ഔട്ടായിരുന്നു.
സിംബാബ്‌വെ 91 ന് പുറത്തായതോടെ ഇംഗ്ലണ്ട് 146 റണ്‍സ് വിജയം നേടി. ഹംസ ശെയ്ഖ് ഒമ്പത് പന്തില്‍ ഒരു റണ്ണാണ് എടുത്തത്.