ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ കിരീടപ്പോരാട്ടം ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ മാത്രമല്ലെന്ന് ഉറപ്പുവരുത്തി ആഴ്‌സനല്‍. ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കറിന്റെ ഇരട്ടപ്പിഴവുകള്‍ മുതലെടുത്ത് ലിവര്‍പൂളിനെ 3-1 ന് തോല്‍പിച്ച ആഴ്‌സനല്‍ ലീഡ് രണ്ട് പോയന്റായി കുറച്ചു. 23 റൗണ്ട് പിന്നിട്ടപ്പോള്‍ ലിവര്‍പൂളിന് 51 പോയന്റും ആഴ്‌സനലിന് 49 പോയന്റും. എന്നാല്‍ 21 കളിയില്‍ 46 പോയന്റുള്ള സിറ്റിക്കാണ് ലിവര്‍പൂളിന്റെ തോല്‍വി ഏറ്റവും ഗുണം ചെയ്യുക. സിറ്റി ഇന്ന് എവേ മത്സരത്തില്‍ ബ്രെന്റ്ഫഡിനെ നേരിടും.
ബുകായൊ സാക 14ാം മിനിറ്റില്‍ ആഴ്‌സനലിനെ മുന്നിലെത്തിച്ചെങ്കിലും ഗബ്രിയേല്‍ മഗല്ലസിന്റെ സെല്‍ഫ് ഗോള്‍ ലിവര്‍പൂളിന് സമനില സമ്മാനിച്ചിരുന്നു. എന്നാല്‍ ഡിഫന്റര്‍ വിര്‍ജില്‍ വാന്‍ഡെക്കും ഗോള്‍കീപ്പര്‍ അലിസനും തമ്മിലുള്ള ആശയക്കുഴപ്പം മുതലെടുത്ത് ആഴ്‌സനല്‍ ലീഡ് വീണ്ടെടുത്തു. അലിസന്റെ കാലുകള്‍ക്കിടയിലൂടെ ലക്ഷ്യം കണ്ട് ലിയാന്ദ്രൊ ട്രോസാഡ് ലീഡ് വര്‍ധിപ്പിച്ചു. ഈ സീസണിലെ ലീഗില്‍ ലിവര്‍പൂളിന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണ് ഇത്. 88ാം മിനിറ്റില്‍ ഇബ്രാഹിം കോനാടെ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ലിവര്‍പൂള്‍ 10 പേരുമായാണ് കളിയവസാനിപ്പിച്ചത്. പരിക്കേറ്റ ഗബ്രിയേല്‍ ജെസൂസ് ഇല്ലാതെയാണ് ആഴ്‌സനല്‍ കളിച്ചത്. മുഹമ്മദ് സലാഹ് ലിവര്‍പൂള്‍ നിരയിലും ഉണ്ടായിരുന്നില്ല.