വിശാഖപട്ടണം -ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആവേശകരമായ നാലാം ദിനത്തിന് ജീവന്‍ വെക്കുന്നു. ഇന്ത്യക്ക് പരമ്പര സമനിലയാക്കാന്‍ വേണ്ടത് ഒമ്പത് വിക്കറ്റുകളാണ്, ഇംഗ്ലണ്ടിന് 332 റണ്‍സും. സാധാരണഗതിയില്‍ 399 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുക ഏതാണ്ട് അസാധ്യമാണ്. എന്നാല്‍ ഈ ഇംഗ്ലണ്ട് ടീം എന്തും നേടാന്‍ കെല്‍പുള്ളവരാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സില്‍ 255 ന് എറിഞ്ഞിട്ടാണ് അവര്‍ നേരിയ സാധ്യത പോലും സൃഷ്ടിച്ചെടുത്തത്.
ഇന്ത്യന്‍ ഓപണര്‍മാരെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയ ശേഷം ടോം ഹാര്‍ട്‌ലിയും റിഹാന്‍ അഹ്മദും കടിഞ്ഞാണേറ്റെടുക്കുകയായിരുന്നു. ഇന്ത്യക്ക് പേടിയാണെന്ന് ആന്‍ഡേഴ്‌സന്‍ വെടിപൊട്ടിച്ചു. ബാറ്റ് ചെയ്യുമ്പോള്‍ അത് പ്രകടമായിരുന്നു. ജയിക്കാന്‍ എത്ര റണ്‍സ് വേണമെന്ന് അറിയാത്തതു പോലെയാണ് അവര്‍ കളിച്ചത്. വലിയ ലീഡുണ്ടായിട്ടും ആഞ്ഞടിക്കാന്‍ മടിച്ചു. 600 റണ്‍സ് ലക്ഷ്യമാണെങ്കിലും അതിനായി ശ്രമിക്കണമെന്നാണ് കോച്ച് ഞങ്ങളോട് പറഞ്ഞത് -ആന്‍ഡേഴ്‌സന്‍ വെളിപ്പെടുത്തി.
2022 ല്‍ എജ്ബാസ്റ്റണില്‍ 378 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഇന്ത്യയില്‍ പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും വലിയ സകോര്‍ 387 ആണ്, 2008 ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീം. കളി 180 ഓവര്‍ ബാക്കിയുണ്ടെങ്കിലും 60-70 ഓവറില്‍ ലക്ഷ്യം നേടുമെന്ന് ആന്‍ഡേഴ്‌സന്‍ വീരവാദം മുഴക്കി. ആന്‍ഡേഴ്‌സന് മത്സരത്തില്‍ അഞ്ച് വിക്കറ്റ് ലഭിച്ചു. 695 വിക്കറ്റായി.
ഇന്ത്യയാണ് ജയിക്കാന്‍ സാധ്യതയെന്ന് സെഞ്ചൂറിയന്‍ ശുഭ്മന്‍ ഗില്‍ വാദിച്ചു. ഇന്ത്യക്ക് 70 ശതമാനം ജയസാധ്യതയുണ്ട്. ഒന്നിന് 67 ലാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് പുനരാരംഭിക്കുക. ബെന്‍ ഡക്കറ്റിനെ (28) പുറത്താക്കി ആര്‍. അശ്വിന്‍ 497ാമത്തെ വിക്കറ്റെടുത്തു. സാക് ക്രോളിയും നൈറ്റ് വാച്ച്മാന്‍ റിഹാന്‍ അഹമദുമാണ് ക്രീസില്‍.