കൊല്‍ക്കത്ത - ഐ.എസ്.എല്ലിലെ കൊല്‍ക്കത്ത ഡാര്‍ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാനെ തോല്‍പിക്കാനുള്ള സുവര്‍ണാവസരം ഈസ്റ്റ്ബംഗാള്‍ കളഞ്ഞുകുളിച്ചു. രണ്ടു തവണ ലീഡ് നേടിയെങ്കിലും അവര്‍ 2-2 സമനില വഴങ്ങി. ഐ.എസ്.എല്ലില്‍ ഇതുവരെ നടന്ന ആറ് കൊല്‍ക്കത്ത ഡാര്‍ബികളിലും ബഗാനായിരുന്നു ജയിച്ചത്. സാള്‍ട്‌ലെയ്ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം സമീപകാലത്തെ മികച്ച പോരാട്ടമായിരുന്നു.
മൂന്നാം മിനിറ്റില്‍ തന്നെ ഈസ്റ്റ്ബംഗാള്‍ ലീഡ് നേടിയതാണ് കളി ചൂടുപിടിക്കാന്‍ കാരണം. നിഷു കുമാര്‍ അളന്നു തൂക്കിനല്‍കിയ ക്രോസ് ബഗാന്‍ പ്രതിരോധത്തിന് കിട്ടും മുമ്പെ അജയ് ഛേത്രി വലയിലേക്ക് തിരിച്ചുവിട്ടു. പതിനേഴാം മിനിറ്റില്‍ അര്‍മാന്‍ഡൊ സാദിഖുവിലൂടെ ബഗാന്‍ തിരിച്ചടിച്ചു. 40ാം മിനിറ്റില്‍ തുറന്ന വലക്കു മുന്നില്‍ സാദിഖു ലീഡ് നേടാനുള്ള അവസരം പാഴാക്കി.
അമ്പത്തഞ്ചാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്ലെയ്റ്റന്‍ സില്‍വ ഈസ്റ്റ്ബംഗാളിനെ വീണ്ടും മുന്നിലെത്തിച്ചു. 87ാം മിനിറ്റിലായിരുന്നു ബഗാന്റെ സമനില ഗോള്‍. കിയാന്‍ നസീരിക്ക് പകരമിറങ്ങിയ മന്‍വീര്‍ സിംഗാണ് ബോക്‌സിലേക്ക് ക്രോസ് നല്‍കിയത്. അത് നിയന്ത്രിച്ച് സഹല്‍ അബ്ദുല്‍സമദ് ഗോള്‍മുഖത്തേക്ക് തിരിച്ചുവിട്ടു. ഓടിവന്ന ദിമിത്രിയോസ് പെട്രറ്റോസ് ഗോളിലേക്ക് വെടി തൊടുത്തു.
11 കളിയില്‍ 20 പോയന്റുമായി ബഗാന്‍ അഞ്ചാം സ്ഥാനത്താണ്. ഈസ്റ്റ്ബംഗാള്‍ 12 പോയന്റുമായി ഏഴാമതും.