Sorry, you need to enable JavaScript to visit this website.

സാമ്പത്തിക ശാസ്ത്രം ഇസ്‌ലാമിൽ

സമ്പത്തിനോടും സന്താനങ്ങളോടുമുള്ള മനുഷ്യരുടെ ഇഷ്ടത്തിനു പിന്നിലെ രഹസ്യമന്വോഷിച്ചാണ് 'ഇസ്‌ലാമിക് ഫൈനാൻസ്: പ്രയോഗവും കർമശാസ്ത്രവും' എന്ന ഗ്രന്ഥം വായനക്കാരനെ സമ്പാദ്യ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്  അഹങ്കാരത്തിന്റെ പ്രതീകമായി പണത്തെ കാണുന്നവരുടെ തെറ്റിദ്ധാരണകൾ ഗ്രന്ഥം തിരുത്തുന്നത് ഉമ (റ) റിന്റെ വാക്കുകൾ ഉദ്ധരിച്ചാണ്
 'രക്തസാക്ഷിത്വം വഹിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അല്ലാഹുവിന്റെ ഔദാര്യം തേടിയുള്ള യാത്രയിൽ മരണപ്പെടുന്നതാണ്.'
അതേ സമയം എങ്ങനെയെങ്കിലും സമ്പാദ്യമുണ്ടാക്കുക എന്ന സ്വപ്നവുമായി ജീവിക്കുന്നവരുടെ വൈകാരികതയെ ഗ്രന്ഥകാരൻ ഫൈസൽ നിയാസ് ഹുദവി നേരിടുന്നത് ഇങ്ങനെ. അലി ( റ ) പറയുന്നു 'നിങ്ങൾ ആദ്യം വിജ്ഞാനം നേടുക, എന്നിട്ട് കച്ചവടം ചെയ്യുക. ഇടപാടുകളിൽ ന്യായം പുലർത്താത്ത എല്ലാവരും തെമ്മാടികളാണ്'
സമ്പത്ത് താനധ്വാനിച്ചുണ്ടാക്കിയതാണ് എന്ന സമ്പന്നന്റെ മനോഭാവം ധൂർത്തിലേക്കും ദുർവ്യയത്തിലേക്കും നയിക്കും ഇതിനെ വിശുദ്ധ ഇസ്‌ലാം തടയിടുന്നത് പ്രകോപനത്തിലൂടെയല്ല, തീർത്തും ഉത്തരവാദിത്ത ബോധം സമ്പന്നന്റെ മനസ്സിൽ സന്നിവേശിപ്പിച്ചാണെന്ന് ഗ്രന്ഥം സമർത്ഥിക്കുന്നു.
സമ്പാദനവുമായി ബന്ധപ്പെട്ട  ഇസ്‌ലാമിലെ നിയമങ്ങളുടെ അടിസ്ഥാന തത്വത്തിന്റെ സൗന്ദര്യമറിയാൻ ഈ ഗ്രന്ഥം ഏറെ ഉപകരിക്കുമെന്ന് ഉറപ്പുണ്ട്. ഋജുവായ മാർഗത്തിലൂടെ സമ്പാദിക്കുന്നതിന് ഇസ്‌ലാം എതിരല്ല എന്ന് മാത്രമല്ല, സമ്പാദനം ഇസ്‌ലാം പ്രോൽസാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് പുസ്തകത്തിന്റെ ഒരു പ്രമേയം.
അതിന് മാതൃകയായി  മദീനയിലെ മില്യണയറായിരുന്ന സുബൈറുബ്‌നുൽ അവ്വാം (റ) വിന്റെ ബിസിനസ് സ്ട്രാറ്റജി ഗ്രന്ഥം പരാമർശിക്കുന്നുണ്ട്.
വളർച്ചയാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. പണം എവിടെയും കെട്ടിക്കിടക്കരുത്. സമൂഹത്തിലെ ഓരോർത്തർക്കും തന്റേതായ കഴിവുകൾ  ഈ മേഖലയിൽ ഉപയോഗപ്പെടുത്താൻ മുറാബഹ, മുസാവമ, സലം, തവർറുഖ്, ഇസ്തിസ്‌നാഹ്, ഇജാറ, മുശാറക, മുദാറബ എന്നീ വ്യത്യസ്ത ബിസിനസ് പ്ലാനുകൾ ഇസ്‌ലാം  അവതരിപ്പിക്കുന്നു.
ഇടപാടിലെ കക്ഷികൾക്കിടയിലെ സംതൃപ്തിയും ധനത്തിന്റെയും ചരക്കിന്റെയും സുതാര്യതയും ഉറപ്പ് വരുത്തലാണ് ഈ ബിസിനസ് പ്ലാനുകളുടെ മർമം. ഇവകളോരോന്നും കൃത്യമായി തന്നെ ചർച്ച ചെയ്യുന്ന ഗ്രന്ഥം പലിശ രഹിത ബാങ്കിംഗ് സംവിധാനം കെട്ടിപ്പടുക്കാൻ എങ്ങനെയൊക്കെ ഇവകളെ പ്രയോജനപ്പെടുത്താമെന്ന് മാതൃതകൾ സഹിതം വിശദീകരിക്കുന്നുണ്ട്.
മനുഷ്യരുടെ ആവശ്യങ്ങൾ ചൂഷണം ചെയ്യുന്ന പലിശയോ ആഗ്രഹങ്ങൾ ചൂഷണം ചെയ്യുന്ന ചൂതാട്ടമോ ഇടപാടുകളിൽ കയറിക്കൂടാനുള്ള സർവ പഴുതുകളേയും അടക്കുന്നുണ്ട് ഈ പ്ലാനുകൾ.
സമ്പാദനത്തിന് ആശ്രയിക്കുന്ന ഷെയർ മാർക്കറ്റിലെ സങ്കീർണമായ ഇടപാടുകളെ ഇസ്‌ലാമിക കർമശാസ്ത്രപരമായി വിലയിരുത്തന്ന ഈ ഗ്രന്ഥം പ്രസ്തുത മേഖലയിൽ ഇടപെടുന്നവർക്ക് ഒരു കൈപ്പുസ്തകം തന്നെയാണ്.
മനുഷ്യന്റെ കർമശേഷിയെ കൊല ചെയ്യുന്ന പലിശയും ചൂതാട്ടവുമില്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥ  മനുഷ്യർക്കിടയിൽ പ്രാവർത്തികമാക്കുക എന്നതാണ് ഇസ്‌ലാമിക് ഫൈനാസ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രായോഗികതയും വിജയവും മനസ്സിലാക്കി ഇസ്‌ലാമേതര രാഷ്ട്രങ്ങൾ പലതും ഇത് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട് അതിന്റെ കൃത്യമായ കണക്കുകൾ ഗ്രന്ഥം നിരത്തുന്നുണ്ട്.
പലിശയോട് അറച്ചു നിൽക്കുന്ന പല മലയാളി സമ്പന്നരേയും കൃത്യമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന ഇസ്‌ലാമിക് ഫൈനാൻസ് കേരളത്തിൽ നടപ്പാക്കാൻ മടിക്കുന്നതിലെ കാരണം തീർത്തും അനാരോഗ്യകരമാണ്, അറബികളുമായി ഏറെ ബന്ധം പുലർത്തുകയും പല വ്യവസായ സാധ്യതകൾ നിലനിൽക്കുകയും ചെയ്യുന്ന കേരളത്തിൽ ഈ വിഷയം സജീവ ചർച്ചക്ക് വരാൻ ഈ ഗ്രന്ഥം നിമിത്തമാകട്ടെ.

Latest News