Sorry, you need to enable JavaScript to visit this website.

സ്‌നേഹത്തിന്റെ കരസ്പർശം


മാത്യു ബെന്നിയെ നിങ്ങളറിയും. തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ ബെന്നിയുടെയും ഷൈനിയുടെയും ഇളയ മകനാണ് മാത്യു. പറക്കമുറ്റാത്ത പ്രായത്തിൽ അകാലത്തിൽ വേർപിരിഞ്ഞ അച്ഛന്റെ വിയോഗം തളർത്താത്ത മനസ്സുമായി ജീവിതത്തെ നേരിടുകയായിരുന്നു ഈ ബാലൻ. ക്ഷീരകർഷകനായ അച്ഛന്റെ വിരലിൽ തൂങ്ങി എന്നും തൊഴുത്തിലെത്തിയിരുന്ന അവന് പശുക്കളായിരുന്നു എല്ലാം. പിച്ചവെച്ചു തുടങ്ങിയ കാലം മുതൽ ചങ്ങാത്തം കൂടിയ കന്നുകാലികൾ. അച്ഛൻ വളർത്തി വലുതാക്കിയ മിണ്ടാപ്രാണികൾക്ക് കരുതലായി അവയെ ജീവിതത്തോടു ചേർത്ത നിമിഷങ്ങൾ. ഓമനിച്ചു വളർത്തിയ ഇരുപത്തിരണ്ടു പശുക്കളിൽ പതിമൂന്നെണ്ണം അകാലത്തിൽ വിട്ടുപോയപ്പോൾ തീരാസങ്കടത്തിൽ ആണ്ടുമുങ്ങുകയായിരുന്നു ഈ പതിനാലുകാരൻ.


കുടുംബം പോറ്റാൻ മാത്യു ബെന്നി എന്ന കുട്ടിക്കർഷകൻ അരുമയായി വളർത്തിയ കന്നുകാലികൾ ഭക്ഷ്യവിഷബാധയേറ്റ് മരണമടഞ്ഞത് കേട്ടുകൊണ്ടായിരുന്നു പുതുവർഷം പിറവിയെടുത്തത്. രാവും പകലും തൊഴുത്തിൽ ജീവിതം കഴിച്ചുകൂട്ടിയ മാത്യുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ ദുരന്തം. എന്നും വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിക്കും. വിശപ്പ് മാറ്റിയ ശേഷം അവയെ കറന്ന് പാൽ അമ്മയെ ഏൽപിച്ചായിരുന്നു അവൻ സ്‌കൂളിലെത്തിയിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി മാത്യുവിന്റെ ദിനചര്യ ഇങ്ങനെയായിരുന്നു. എന്നാൽ പൊടുന്നനെ അവയെല്ലാം മാറിമറിഞ്ഞു. തൊഴുത്ത് ഒരു മരണപ്പറമ്പായി. പുതുവർഷം മാത്യുവിന്റെ ജീവിതത്തിൽ മറക്കാനാവാത്ത ദിവസമായി മാറി. പശുക്കളോരോന്നും മരണത്തെ പുൽകി വീഴുന്നത് കണ്ടുനിൽക്കാനാവാതെ തളർന്നുപോയ അവൻ ആശുപത്രിക്കിടക്കയിലാണ് ചെന്നെത്തിയത്.

 


മാത്യുവിന്റെ ദൈന്യത കേട്ടറിഞ്ഞ മലയാളികൾ ആ സങ്കടം തങ്ങളുടേതാക്കുന്ന വാർത്തയാണ് പിന്നീട് കണ്ടത്. പ്രളയ കാലത്തും കോവിഡ് കാലത്തും സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശ വാഹകരായത് കേരളം കണ്ടതാണ്. അത്തരമൊരു സ്‌നേഹ വിരുന്നാണ് അവർ മാത്യുവിനും നൽകിയത്. സുമനസ്സുകളായ നിരവധി പേരാണ് സഹായഹസ്തവുമായി ഈ ബാലനെ തേടിയെത്തിയത്. അതോടെ മാത്യുവിന്റെ ജീവിതത്തിൽ മാറ്റത്തിന്റെ വെളിച്ചം നിറഞ്ഞുതുടങ്ങി. പ്രതീക്ഷയറ്റ ജീവിതത്തിൽനിന്നും തിരികെക്കയറുന്ന കഥയാണ് പിന്നീടു കണ്ടത്.
തിരിച്ചടികൾ ഏറെ നേരിടേണ്ടിവന്ന ബാല്യം. അച്ഛൻ ബെന്നിയുടെ വിയോഗമായിരുന്നു ആദ്യം നേരിടേണ്ടിവന്നത്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. അച്ഛൻ പകർന്നുകൊടുത്ത പാഠങ്ങൾ മാത്രമായിരുന്നു കൈമുതൽ. ജീവിതച്ചെലവുകൾക്കു പുറമെ വായ്പകളും അവന്റെ മുന്നിൽ വാപിളർത്തി നിന്നു. അച്ഛന്റെ മരണത്തോടെ അനാഥമായ പശുക്കളെ വിൽക്കാനായിരുന്നു എല്ലാവരുടെയും തീരുമാനം. എന്നാൽ മാത്യു അതിന് തയാറായില്ല. കന്നുകാലികളെ ആർക്കും വിട്ടുകൊടുക്കാൻ അവൻ തയാറായില്ല. ജീവിതം കരുപിടിപ്പിക്കാൻ തന്നാലാവുന്നത് ചെയ്യുകയായിരുന്നു അവന്റെ ലക്ഷ്യം. അമ്മയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും തനിക്കൊപ്പം ചേർന്നതോടെ ജീവിത യുദ്ധത്തിന് പുതിയ മാനം കൈവരികയായിരുന്നു.
അക്ഷീണ പരിശ്രമത്തിന്റെ നാളുകളായിരുന്നു അവനെ കാത്തിരുന്നത്. കുടുംബമൊന്നാകെ ചേർന്ന് നടത്തിയ കഠിനപ്രയത്‌നം വിജയത്തിലെത്തുകയും ചെയ്തു. പതിമൂന്നാം വയസ്സിൽ മികച്ച കുട്ടിക്കർഷകനുള്ള പുരസ്‌കാരം അവനെ തേടിയെത്തി. 


അമ്മ ഷൈനിക്കും മാത്യുവിനെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. കുട്ടിക്കാലം തൊട്ടേ അവന് പശുക്കളെ ഇഷ്ടമായിരുന്നു. പശുക്കൾക്കൊപ്പമായിരുന്നു അവന്റെ ഓട്ടവും കളിയുമെല്ലാം. ഭർത്താവിനോടൊപ്പം പശു പരിപാലനത്തിന് അവനും കൂടെയുണ്ടാകും. പലരും വഴക്കു പറയുമായിരുന്നെങ്കിലും അവനതൊന്നും കാര്യമാക്കാറില്ല. ഞങ്ങളെ അടുപ്പിക്കാത്ത പശു പോലും അവന്റെ മുന്നിൽ സ്‌നേഹത്തോടെ നിൽക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.
ആ ദുരന്ത ദിനത്തെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും വിതുമ്പലടക്കാൻ പാടുപെടുകയാണ് മാത്യു. ഞാനും അനുജത്തി റോസ് മേരിയും ചേർന്ന് രാത്രിയിൽ കന്നുകാലികൾക്ക് കപ്പത്തൊലി കൊടുത്തിരുന്നു. തൊഴുത്തിലുണ്ടായിരുന്ന മോട്ടോർ ഓഫാക്കാൻ ചെന്നപ്പോൾ പശുക്കൾക്ക് എന്തോ പന്തികേടു പോലെ. കാലു കുഴഞ്ഞ് തളരുന്നതു പോലെയാണ് തോന്നിയത്. സംഭവമെന്തെന്നറിയാതെ അമ്മയെ വിളിച്ചു. അപ്പോഴേയ്ക്കും പശുക്കളിൽ പലതും വീഴാൻ തുടങ്ങി. തളർന്നുപോയ നിമിഷങ്ങൾ... എന്തു ചെയ്യണമെന്നറിയാതെ അമ്മയും ഞാനും തരിച്ചുനിൽക്കുകയാണ്. ഞങ്ങളുടെ കരച്ചിൽ കേട്ട് അയൽക്കാരെല്ലാം ഓടിവന്നു. അവരെല്ലാം ചേർന്ന് എന്തൊക്കെയോ മരുന്നുകൾ നൽകി. ഡോക്ടർമാരെ വിളിച്ചെങ്കിലും രാത്രിയായതിനാൽ ആരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാകട്ടെ, മറ്റൊരു ജോലിക്കായി പോയതായിരുന്നു. ഒടുവിൽ ക്ഷീരവികസന വകുപ്പു മന്ത്രി ചിഞ്ചുറാണിയുടെ അസിസ്റ്റന്റായ സൂര്യാ മാഡത്തെ വിളിച്ചു. അവരാണ് ഡോക്ടറെ പറഞ്ഞുവിട്ടത്. എന്നാൽ അപ്പോഴേയ്ക്കും കന്നുകാലികളിൽ പലതും മരണത്തെ പുൽകിക്കഴിഞ്ഞിരുന്നു. കാണാൻ ത്രാണിയില്ലാതെ ഞങ്ങൾ തളർന്നു വീണു. കണ്ണു തുറന്നു നോക്കിയപ്പോൾ എല്ലാവരും ആശുപത്രിയിലാണ്.


നിൽക്കാനാവാതെ കാൽ കുഴഞ്ഞാണ് ഓരോ പശുക്കളും വീണത്. പോത്തെന്ന് വിളിക്കുന്ന പശു അസ്വസ്ഥത കാരണം ഓടിവന്ന് ഞങ്ങളുടെ വീടിന്റെ മുറ്റത്ത് വന്നു വീണു. ആ വീഴ്ചയിൽ അവന്റെ കൊമ്പൊടിഞ്ഞു. അവയുടെ മരണ വെപ്രാളം കാണാനുള്ള ശേഷി ഞങ്ങൾക്കില്ലായിരുന്നു. പശുക്കൾക്കൊപ്പം  കിടാങ്ങളും മൂരിക്കുട്ടന്മാരുമെല്ലാം കപ്പത്തൊലി കഴിക്കാറുണ്ടായിരുന്നു. എന്നാൽ അവർക്കന്ന് അതിന്റെ മണം ഇഷ്ടപ്പെടാത്തതുകൊണ്ടാകണം, അവയൊന്നും കഴിച്ചില്ല. അതുകൊണ്ട് അവറ്റകൾ മാത്രം രക്ഷപ്പെട്ടു. ഇരുപത്തിരണ്ടു കന്നുകാലികളിൽ പതിമൂന്നെണ്ണവും ജീവൻ വെടിഞ്ഞു.  ജെ.സി.ബിയിൽ കോരിയെടുത്താണ് അവയെ കുഴിയിലേയ്ക്കിട്ടത്. ശരീരം വിറങ്ങലിച്ച നിമിഷങ്ങളായിരുന്നു അത്.
മൂന്നു വർഷം മുൻപായിരുന്നു അപ്പൻ ബെന്നിയുടെ വിയോഗം. അമിത രക്തസമ്മർദമായിരുന്നു കാരണം. അപ്പന്റെ അപ്പനാണ് കാലിവളർത്തൽ തുടങ്ങിയത്. നൂറു വയസ്സായ അദ്ദേഹം ഈ വീട്ടിൽ കിടപ്പിലാണ്. ഉണങ്ങിയ കപ്പത്തൊലി അന്നു മുതൽ കന്നുകാലികൾക്ക് നൽകുന്നതാണ്. അപ്പച്ചന് വയ്യാതായതോടെ ആ ചുമതല ബെന്നി ഏറ്റെടുക്കുകയായിരുന്നു. ബെന്നി മരിച്ചപ്പോൾ മാത്യു ആ തൊഴിൽ തുടർന്നുപോരികയായിരുന്നു. ഞങ്ങൾക്ക് ജീവനും ജീവിതവും നൽകിയത് അവയാണ്. എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും ഞങ്ങൾക്കറിയില്ല -ഷൈനി പറയുന്നു.
ഐശ്വര്യയെ കാണുമ്പോൾ മാത്യുവിന് ഇന്നും വേദനയാണ്. ചലനമറ്റ കാലുകളുമായി കിടക്കുകയാണവൾ. കപ്പത്തൊലിയുണ്ടാക്കിയ ദുരന്തം. അന്ന് ഐശ്വര്യയും കപ്പത്തൊലി കഴിച്ചിരുന്നു. അൽപം മാത്രം കഴിച്ചതുകൊണ്ടാകണം ജീവൻ നിലനിർത്താൻ കഴിഞ്ഞത്. ഉള്ളിലെത്തിയ വിഷാംശമാണ് അവളുടെ കാലുകൾ തളർത്തിയത്. ഐശ്വര്യ റാണിക്കു പുറമെ മഹാറാണിയും കൊച്ചുറാണിയും കൂടെയുണ്ട്. മഹാറാണി മരണം വരിച്ചു. കൊച്ചുറാണി മാത്രം അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു.

 


പുതിയ പശുക്കളെത്തുമ്പോൾ അവയ്ക്ക് പേരു നൽകിയാണ് മാത്യു വിളിക്കുന്നത്. ഐശ്വര്യ റാണി അവന്റെ ഭാഗ്യമായിരുന്നു. മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് ലഭിച്ചത് അവളുടെ വരവോടെയായിരുന്നു. എങ്കിലും ദുരിതത്തിന്റെ ബാക്കിപത്രമെന്നോണം ഇപ്പോഴും ആ തൊഴുത്തിൽനിന്നും ദീനരോദനം ഉയരുന്നുണ്ട്. നീരു വന്ന് വീർത്ത മുഖവും ശരീരവുമായി കഴിയുന്ന ഒരു പശുവും അക്കൂട്ടത്തിലുണ്ട്.
ഇരുപത്തിരണ്ടു പേരും ഒരു കുടുംബം പോലെയായിരുന്നു കഴിഞ്ഞിരുന്നത്. പരസ്പരം സ്‌നേഹിച്ചു കഴിഞ്ഞവർ. അമ്മയും കുഞ്ഞുങ്ങളുമായിരുന്നു അവരിൽ പലരും. അക്കൂട്ടത്തിൽ പലരും ഇന്നില്ല. പ്രായം കുറഞ്ഞ മറിയാമ്മയുടെ അമ്മയും അമ്മൂമ്മയുമെല്ലാം മരണം വരിച്ചു. പല കിടാങ്ങൾക്കും അമ്മമാരെ നഷ്ടമായി. ചില പശുക്കൾക്ക് മക്കളും നഷ്ടമായി. തൊഴുത്തിലേയ്ക്ക് നോക്കുമ്പോഴാണ് സങ്കടം. ഓരോന്നിനെയും ക്രമമനുസരിച്ച് കെട്ടിയിരുന്ന സ്ഥലം ശൂന്യമായി. എന്തൊക്കെ കിട്ടിയാലും നഷ്ടപ്പെട്ടവയ്ക്ക് പകരമാവില്ലല്ലോ -ഷൈനി പറയുന്നു.


സ്‌നേഹക്കരുതലിന്റെ നാളുകളായിരുന്നു പിന്നീട് കണ്ടത്. പലരും സഹായ വാഗ്ദാനങ്ങളുമായെത്തി. കേരളാ ഫീഡ്‌സിന്റെ ബ്രാൻഡ് അംബാസഡറും നടനുമായ ജയറാമായിരുന്നു ആദ്യമെത്തിയത്. ആറു വർഷം മുൻപ് ഇരുപത്തിരണ്ടു പശുക്കളെ നഷ്ടപ്പെട്ട വേദനയറിഞ്ഞ ജയറാം അഞ്ചു ലക്ഷം രൂപയാണ് മാത്യുവിന് നൽകിയത്. ജയറാമിനെപ്പോലെ നിരവധി പേരാണ് സഹായ ഹസ്തവുമായി വെളിയാമറ്റത്തേയ്ക്ക് വന്നത്. വിവരമറിഞ്ഞപ്പോൾതന്നെ ക്ഷീരവികസന വകുപ്പു മന്ത്രി ചിഞ്ചുറാണി സ്ഥലത്തെത്തി മാത്യുവിന് ആശ്വാസം പകർന്നു. പുതിയ പശുക്കളെ എത്തിക്കാനുള്ള സഹായങ്ങളും ചെയ്തു. അഞ്ച് സങ്കരയിനം പശുക്കളെയാണ് അവർ സമ്മാനിച്ചത്. കൂടാതെ മൂന്നു പശുക്കളെ സി.പി.എം മൂലമറ്റം ഏരിയാ കമ്മിറ്റിയും സമ്മാനിച്ചു. തൊടുപുഴ എം.എൽ.എ പി.ജെ. ജോസഫും ഒരു പശുവിനെ നൽകി.
ജയറാമിനു പുറമെ നടന്മാരായ മമ്മൂട്ടിയും പൃഥ്വിരാജുമെല്ലാം സാമ്പത്തികമായി സഹായിച്ചു. കത്തോലിക്കാ കോൺഗ്രസും ഒരു പശുവിനെ നൽകി.  നാടൊന്നാകെ തുണയായി നിന്നതിന്റെ സന്തോഷത്തിലാണ് ആ കുടുംബം. സംഭവമൊന്നുമറിയാതെ പറമ്പിൽ ഓടിനടക്കുന്ന കിടാങ്ങൾ. അവർക്ക് സ്‌നേഹം പകരാൻ മാത്യുവുണ്ട്. പുതിയ പശുക്കൾക്കം പേരിട്ടുകൊണ്ടിരിക്കുകയാണവൻ. അൽഫോൻസയും മിന്നുവും പൊന്നുവും കണ്ണാപ്പിയും മാർത്തയും മറിയാമ്മയും... സ്‌നേഹത്തിന്റെ നൂലിൽ കൊരുത്തെടുത്ത് അവയെല്ലാം പറമ്പിലും തൊഴുത്തിലുമെല്ലാമായി നിലകൊള്ളുകയാണ്... കരുണയുടെയും മാനുഷികതയുടെയും പാഠങ്ങൾ പകർന്നുനൽകിയ സുമനസ്സുകളാൽ ധന്യമായ ഒരു പുതുവർഷം കൂടിയായിരുന്നു ഇത്.

Latest News