ഇസ്‌ലാമാബാദ് -ആറു പതിറ്റാണ്ടിനു ശേഷം പാക്കിസ്ഥാനില്‍ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിനായി ഇന്ത്യന്‍ ടീം വിജയവുമായി മടങ്ങാനൊരുങ്ങുന്നു. ഡേവിസ് കപ്പ് ടെന്നിസിന്റെ ഗ്രൂപ്പ് ഒന്ന് പ്ലേഓഫ് മത്സരത്തില്‍ ആദ്യ ദിനം ഇന്ത്യ 2-0 ന് മുന്നിലെത്തി. അവശേഷിച്ച മൂന്നു കളികളില്‍ ഒരു ജയം മതി ഇന്ത്യക്ക് ലോക ഗ്രൂപ്പിലേക്ക് മുന്നേറാന്‍.
മൂന്നു സെറ്റ് നീണ്ട ആദ്യ മത്സരത്തില്‍ പിന്നില്‍ നിന്ന് കയറി ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ 6-7 (3-7), 7-6 (7-0), 6-0 ന് അയ്‌സാമുല്‍ ഹഖ് ഖുറൈശിയെ തോല്‍പിച്ചു. എന്‍. ശ്രീറാം ബാലാജി 7-5, 6-3 ന് ആതിഥേയരുടെ അഖീല്‍ ഖാനെ രണ്ടാം മത്സരത്തില്‍ അനായാസം തോല്‍പിച്ചു.
ഡബ്ള്‍ ഫോള്‍ടുകള്‍ നിയന്ത്രിക്കുന്നതില്‍ വന്ന വീഴ്ചയാണ് അയ്‌സാം ആദ്യ കളിയില്‍ തോല്‍ക്കാന്‍ കാരണം. മൂന്നാം സെറ്റില്‍ പേശിവേദന അനുഭവപ്പെട്ടതോടെയാണ് അയ്‌സാം കീഴടങ്ങിയത്. രാംകുമാര്‍ നന്നായി സെര്‍വ് ചെയ്യുകയും ഇഷ്ടാനുസരണം എയ്‌സുകള്‍ പുറത്തെടുക്കുകയും ചെയ്തു.