മാഞ്ചസ്റ്റര്‍ - സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളന്റ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അസംതൃപ്തനാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിറ്റി കോച്ച് പെപ് ഗാഡിയോള ഇക്കാര്യം നിഷേധിച്ചു. തങ്ങള്‍ക്കുള്ളതിനെക്കാള്‍ വിവരം മഡ്രീഡിലെ മാധ്യമങ്ങള്‍ക്കാണോയെന്ന് ഗാഡിയോള ചോദിച്ചു. രണ്ടു മാസം പരിക്കു കാരണം കളിക്കാനാവാതിരുന്നതില്‍ ഇരുപത്തിമൂന്നുകാരന്‍ ചിലപ്പോള്‍ അസംതൃപ്തനായിരിക്കാമെന്ന് കോച്ച് പറഞ്ഞു. ബേണ്‍ലിക്കെതിരായ കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് ഹാളന്റ് തിരിച്ചുവന്നത്.
അരങ്ങേറ്റ സീസണില്‍ ഹാളന്റ് ഗോളടിച്ചു കൂട്ടിയതോടെ സിറ്റി ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ 21 കളികളില്‍ 19 ഗോളടിച്ചു. പരിക്കുമായി നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിട്ടും പ്രീമിയര്‍ ലീഗില്‍ 14 ഗോളുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ്. എന്നാല്‍ സിറ്റി പോയന്റ് പട്ടികയില്‍ ലിവര്‍പൂളിന് അഞ്ച് പോയന്റ് പിന്നിലാണ്. ഹാളന്റും കെവിന്‍ ഡിബ്രൂയ്‌നെയും തിരിച്ചെത്തിയതോടെ അവസാന പോരാട്ടത്തിനൊരുങ്ങുകയാണ് സിറ്റി.