റിയാദ് - ഹെവിവെയ്റ്റ് ബോക്‌സിംഗിലെ സര്‍വാംഗീകൃത ലോക ചാമ്പ്യനെ കണ്ടെത്താനുള്ള റിയാദിലെ പോരാട്ടം നീളും. റിയാദില്‍ പരിശീലനം നടത്തുന്നതിനിടെ ബ്രിട്ടിഷ് ബോക്‌സര്‍ ടൈസന്‍ ഫുറിക്ക് കണ്ണിന് മുകളില്‍ മുറിവേറ്റതോടെയാണ് ഇത്. ഈ മസം 17 നായിരുന്നു ഫുറിയും ഒലക്‌സാണ്ടര്‍ ഉസിക്കും തമ്മിലുള്ള പോരാട്ടം റിയാദ് കിംഗ്ഡം അരീനയില്‍ നിശ്ചയിച്ചിരുന്നത്. മത്സരത്തിലെ വിജയി എല്ലാ ബെല്‍റ്റുകളും കൈവശമുള്ള ഈ നൂറ്റണ്ടിലെ ആദ്യത്തെ ഹെവിവെയ്റ്റ് ബോക്‌സറാവും. ഡോക്ടര്‍മാര്‍ പരിശോധിച്ച് എന്ന് സുഖം പ്രാപിക്കും എന്ന് തീരുമാനമായാലേ പുതിയ മത്സരത്തിയ്യതി പ്രഖ്യാപിക്കൂ.
വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സിലിന്റെ ഹെവിവെയ്റ്റ് ചാമ്പ്യനാണ് ഫുറി. ഉക്രൈന്‍കാരന്‍ ഉസിക് വേള്‍ഡ് ബോക്‌സിംഗ് അസോസിയേഷന്‍, ഇന്റര്‍നാഷനല്‍ ബോക്‌സിംഗ് ഫെഡറേഷന്‍, വേള്‍ഡ് ബോക്‌സിംഗ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ബി.ഒ) എന്നിവയുടെ ലോക ചാമ്പ്യനും. അവസാനമായി സര്‍വാംഗീകൃത ലോക ചാമ്പ്യനായത് ലെനക്‌സ് ലൂയിസാണ്, 25 വര്‍ഷം മുമ്പ്. ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിനെയാണ് ലൂയിസ് തോല്‍പിച്ചത്. അന്ന് ഡബ്ല്യു.ബി.ഒ രൂപീകൃതമായിരുന്നില്ല.
മുപ്പത്തഞ്ചുകാരനായ ഫുറി പ്രൊഫഷനല്‍ ബോക്‌സിംഗില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. 35 മത്സരങ്ങളില്‍ 34 വിജയവും ഒരു സമനിലയുമാണ്. എന്നാല്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ ഫ്രാന്‍സിസ് എന്‍ഗാനു ഒക്ടോബറിലെ റിയാദിലെ പോരാട്ടത്തില്‍ ഫുറിയെ ഇടിച്ചിട്ടിരുന്നു. എങ്കിലും ഫുറിയാണ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. ഉസിക്കിനെതിരെ ഫുറിക്ക് പിടിച്ചുനില്‍ക്കാനാവുമോയെന്ന് പലരും സംശയിക്കുന്നുണ്ട്. മുന്‍ ക്രൂയിസ് വെയ്റ്റ് ലോക ചാമ്പ്യനാണ് ഉസിക്. 21 മത്സരങ്ങളില്‍ അപരാജിതനാണ്. ഇതില്‍ പതിനാലിലും നോക്കൗട്ട് വിജയമാണ്.
മാര്‍ച്ച് എട്ടിന് റിയാദില്‍ മറ്റൊരു പ്രധാന പോരാട്ടം നിശ്ചയിച്ചിട്ടുണ്ട് -എന്‍ഗാനുവും ബ്രിട്ടന്റെ ആന്റണി ജോഷ്വയും തമ്മില്‍. ഉസിക്-ഫുറി പോരാട്ടത്തിലെ വിജയിയുമായി ഏറ്റുമുട്ടി സര്‍വാംഗീകൃത ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുകയാണ് ജോഷ്വയുടെ സ്വപ്നം. അതിന് ആദ്യം എന്‍ഗാനുവിനെ മറികടക്കേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ എന്‍ഗാനു-ജോഷ്വ പോരാട്ടം ആദ്യം നടക്കും. ജോഷ്വയെ ഉസിക് രണ്ടു തവണ തോല്‍പിച്ചിട്ടുണ്ട്. ഒര് തോല്‍വി ജിദ്ദയിലെ മത്സരത്തിലായിരുന്നു. ഡിസംബറില്‍ റിയാദില്‍ ഓട്ടോ വാലിനെ ഇടിച്ചിട്ടതോടെയാണ് ജോഷ്വ കരിയര്‍ വീണ്ടെടുത്തത്. ഫുറിയും ജോഷ്വയും ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല.






