ബ്ലൂംഫൊണ്ടയ്ന്‍ - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ മൂന്ന് ടീമുകള്‍ സെമിഫൈനലുറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ഓസ്‌ട്രേലിയയും ആതിഥേയരായ ദക്ഷിണാഫ്രിക്കയും. ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള ഇന്നത്തെ കളി അവസാന സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കും. നേപ്പാളിനെയും തകര്‍ത്ത ഇന്ത്യ ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനത്താണ്, എ്ട്ട് പോയന്റ്. പാക്കിസ്ഥാന് ആറും ബംഗ്ലാദേശിന് നാലും പോയന്റുണ്ട്. ഗ്രൂപ്പ് രണ്ടില്‍ മഴ വെസ്റ്റിന്‍ഡീസിന്റെ വഴി മുടക്കിയതോടെ ഏഴ് പോയന്റുമായി ഓസ്‌ട്രേലിയയും ആറ് പോയന്റുമായി ദക്ഷിണാഫ്രിക്കയും മുന്നേറി.
ബംഗ്ലാദേശിനെതിരെ തോറ്റാലും പാക്കിസ്ഥാന് സെമി സാധ്യതയുണ്ട്. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 51 റണ്‍സിനെങ്കിലും അവര്‍ വിജയം നേടിയാലേ സെമിയിലേക്ക് മുന്നേറാനാവൂ. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 38 ഓവറില്‍ വിജയിക്കണം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ആതിഥയരായ ദക്ഷിണാഫ്രിക്കയെയായിരിക്കും മിക്കവാറും സെമിയില്‍ നേരിടേണ്ടി വരിക.
കിംബര്‍ലി ഓസ്‌ട്രേലിയ-വെസ്റ്റിന്‍ഡീസ് മത്സരം മഴ തടസ്സപ്പെടുത്തിയതാണ് ഗ്രൂപ്പ് രണ്ടിലെ സെമിഫൈനലിസ്റ്റുകളെ നിര്‍ണയിച്ചത്. വിന്‍ഡീസ് ബൗളിംഗിന് മുന്നില്‍ അഞ്ചിന് 87 ലേക്ക് തകര്‍ന്ന ഓസീസിനെ സാം കോണ്‍സ്റ്റാസും റാഫ് മാക്മിലനും ചേര്‍ന്ന് എട്ടിന് 227 ലെത്തിക്കുകയായിരുന്നു. പിന്നീട് സീമര്‍ ചാര്‍ലി ഓസ്റ്റിന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ പാസ്‌കലിനെയും ജോഷ്വ ഡോര്‍ണിയയെയും പുറത്താക്കി. സ്‌കോര്‍ രണ്ടിന് 24 ല്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി.
ശ്രീലങ്കയെ 119 റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍പിച്ചു. ക്വേന എംഫാക ആറു വിക്കറ്റെടുത്തു. ഓപണര്‍ ലുവാന്‍ പ്രിറ്റോറിസ് 71 റണ്‍സ് നേടി.