ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ രണ്ടാമത്തെ നോക്കൗട്ട് മത്സരത്തിലും ദുരന്തമുഖത്തു നിന്ന് നാടകീയമായി തെക്കന്‍ കൊറിയ തിരിച്ചുകയറി. പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗദി അറേബ്യക്കെതിരെ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടുകയും ഷൂട്ടൗട്ടില്‍ രക്ഷപ്പെടുകയും ചെയ്ത തെക്കന്‍ കൊറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയും പരാജയത്തിന് സെക്കന്റുകള്‍ അരികിലായിരുന്നു. സൗദിക്കെതിരെയെന്ന പോലെ ഹ്വാംഗ് ഹീ ചാനാണ് കൊറിയയുടെ ആയുസ്സ് നീട്ടിയെടുത്തത്. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ കിട്ടിയ പെനാല്‍ട്ടി ചാന്‍ ലക്ഷ്യത്തിലെത്തിച്ചു (1-1). എക്‌സ്ട്രാ ടൈമിന്റെ പതിനാലാം മിനിറ്റില്‍ സൗന്ദര്യത്തിന്റെ കൈയൊപ്പുള്ള ഫ്രീകിക്കിലൂടെ ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്‍ വിജയ ഗോള്‍ നേടി (2-1). തൊട്ടുപിന്നാലെ അയ്ദന്‍ ഒനീല്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഓസ്‌ട്രേലിയക്ക് തിരിച്ചുവരവ് അസാധ്യമായി. സൗദി അറേബ്യയെയും ഓസ്‌ട്രേലിയയെയും മറികടന്ന കൊറിയക്ക് താരതമ്യേന ദുര്‍ബലരായ ജോര്‍ദാനുമായാണ് സെമി കളിക്കേണ്ടത്. 1960 നു ശേഷം ആദ്യമായി ഏഷ്യന്ഡ
ടോട്ടനം ക്യാപ്റ്റനായ സോനിന് ഇതുവരെ ടൂര്‍ണമെന്റില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ക്വാര്‍ട്ടറില്‍ കൊറിയ രണ്ടു ഗോളിനും സോനിന്റെ പാദമുദ്രയുണ്ടായിരുന്നു. ആദ്യ ഗോളിന് കാരണമായ പെനാല്‍ട്ടി നേടിയെടുത്തതും സോനാണ്. സോനാണ് കളിയിലെ താരം.
നാല്‍പത്തിരണ്ടാം മിനിറ്റ് മുതല്‍ ലീഡ് ചെയ്യുകയായിരുന്ന ഓസ്‌ട്രേലിയ എല്ലാം മറന്ന് പ്രതിരോധിക്കുമ്പോഴായിരുന്നു കൊറിയക്ക് പെനാല്‍ട്ടി ലഭിച്ചത്. പ്രതിരോധം പോലും മറന്ന് കൊറിയ ഇരമ്പിക്കയറിയെങ്കിലും ബോക്‌സില്‍ ഷോട്ടെടുക്കാനുള്ള പഴുത് ഓസ്‌ട്രേലിയ അനുവദിച്ചില്ല. ഡിഫന്റര്‍മാരും ക്യാപ്റ്റന്‍ കൂടിയായ ഗോളി മാറ്റ് റയാനും സാഹസികമായി കൊറിയയുടെ വഴി തടഞ്ഞു. മിന്നല്‍ പ്രത്യാക്രമണങ്ങളില്‍ മൂന്നു തവണ അവര്‍ രണ്ടാം ഗോളിനടുത്തൈത്തി.
ഹ്വാംഗ് ഇന്‍ ബ്യോം മധ്യനിരയില്‍ പന്ത് കൈവിട്ടപ്പോഴാണ് ഓസ്‌ട്രേലിയ ലീഡ് നേടിയത്. കോണോര്‍ മെറ്റ്കാഫെ രണ്ടാം പോസ്റ്റിലേക്ക് ഉയര്‍ത്തിയ ക്രോസ് ഹെഡറിലൂടെ ക്രയഗ് ഗുഡ്‌വിന്‍ വലയിലാക്കി.
ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ സോനിനെ ലൂയിസ് മില്ലര്‍ ബോക്‌സില്‍ ഫൗള്‍ ചെയ്തത് കൊറിയക്ക് തിരിച്ചുവരവിനുള്ള വഴി തുറന്നു. ജീവന്‍ കിട്ടിയ കൊറിയ എക്‌സ്ട്രാ ടൈമില്‍ ആഞ്ഞടിച്ചു. ഹ്വാംഗിനെ ഫൗള്‍ ചെയ്തതിനാണ് ഒനീല്‍ ചുവപ്പ് കാര്‍ഡ് കണ്ടത്. ഭ്രാന്തമായി കൊറിയ വിജയം ആഘോഷിച്ചു.
അരങ്ങേറ്റക്കാരായ താജിക്കിസ്ഥാന്റെ ഉജ്വല കുതിപ്പ് അവസാനിപ്പിച്ചാണ് ജോര്‍ദാന്‍ ആദ്യമായി സെമിഫൈനലിലെത്തിയത്. അറുപത്താറാം മിനിറ്റില്‍ വഖ്ദത് ഖനോനോവ് സ്വന്തം പോസ്റ്റില്‍ പന്തടിച്ചതോടെ താജിക്കിസ്ഥാന്റെ സ്വപ്‌നം പൊലിഞ്ഞു. 1-0 ജയത്തോടെ ജോര്‍ദാന്‍ സെമിഫൈനലിലെത്തി. ജോര്‍ദാന്‍ 2004 ലും 2011 ലും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളില്‍ ഇറാഖിനെ ഞെട്ടിച്ചാണ് അവര്‍ ക്വാര്‍ട്ടറിലെത്തിയത്.
ആദ്യ അവസരം ജോര്‍ദാനാണ് ലഭിച്ചത്. മിഡ്ഫീല്‍ഡര്‍ ഇഹ്‌സോന്‍ പഞ്ച്ശാംബെ ബോക്‌സിലേക്ക് കുതിച്ചെത്തിയ ശേഷം തൊടുത്തവിട്ട ഷോട്ട് ക്രോസ്ബാറിനെ വിറപ്പിച്ചു. നിഅ്മത്തിന്റെ ഷോട്ട് തലനാരിഴക്ക് ലക്ഷ്യം തെറ്റി. പിന്നാലെ അലി ഒല്‍വാന്റെയും റജായി ആയിദിന്റെയും തുടരെയുള്ള ശ്രമങ്ങള്‍ റുസ്തം യാതിമോവ് രക്ഷപ്പെടുത്തി.
അറുപത്താറാം മിനിറ്റില്‍ ജോര്‍ദാന്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. കോര്‍ണര്‍ കിക്കിനായി ചാടിയുയര്‍ന്ന ഡിഫന്റര്‍ അബ്ദുല്ല നസീബിന്റെ ഹെഡര്‍ താജിക് താരം വഹ്ദത്തിന്റെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് ഗോളിയെ കീഴടക്കി.