ബ്ലൂംഫൊണ്ടയ്ന്‍ - സൂപ്പര്‍ സിക്‌സിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്തതോടെ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി. ക്യാപ്റ്റന്‍ ഉദയ് സഹാരണും (107 പന്തില്‍ 100) സചിന്‍ ദാസും (101 പന്തില്‍ 116) നേടിയ സെഞ്ചുറികളില്‍ ഇന്ത്യ അഞ്ചിന് 297 റണ്‍സെടുത്തപ്പോള്‍ നേപ്പാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ജോഡി പതിനൊന്നോവറിലേറെ പിടിച്ചു നിന്നു.
ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ചുറിയടിച്ച മുശീര്‍ ഖാന്‍ (9 നോട്ടൗട്ട്) പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ദേവ് ഖനാലാണ് (33) നേപ്പാളിന്റെ ടോപ്‌സ്‌കോറര്‍. സൗമ്യ പാണ്ഡെ നാല് വിക്കറ്റെടുത്തു (10-1-29-4). അര്‍ഷിന്‍ കുല്‍ക്കര്‍ണിക്ക് രണ്ടു വിക്കറ്റ് കിട്ടി (4-1-18-2). ഇന്ത്യ എട്ട് ബൗളര്‍മാരെ ഉപയോഗിച്ചു.