വിശാഖപട്ടണം - ആദ്യ ദിനം തുടക്കം മുതല്‍ ഒടുക്കം വരെ യശസ്വി ജയ്‌സ്വാള്‍ സൗന്ദര്യം ചാലിച്ച സ്‌ട്രോക്കുകളോടെ ക്രീസ് വാണതോടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. ഒരവസരവും നല്‍കാതിരുന്ന ഓപണര്‍ കരിയര്‍ ബെസ്റ്റായ 179 റണ്‍സുമായി ക്രീസിലുണ്ട്. ഭദ്രമായ സ്‌കോറിലെത്തിയതില്‍ ഇന്ത്യയും നല്ല ബാറ്റിംഗ് പിച്ചില്‍ ആതിഥേയരുടെ ആറ് വിക്കറ്റെടുക്കാനായതില്‍ ഇംഗ്ലണ്ടും സന്തോഷത്തോടെയാണ് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. അഞ്ച് സിക്‌സറും 17 ബൗണ്ടറിയുമുണ്ട് ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സില്‍.
ജയ്‌സ്വാളിന്റെ മിന്നുന്ന സെഞ്ചുറിയായിരുന്നു ആദ്യ ദിനത്തിലെ ഹൈലൈറ്റ്. മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍ക്കും 40 കടക്കാനായില്ല. ശുഭ്മന്‍ ഗില്ലിന്റെ 34 ആണ് അടുത്ത ഉയര്‍ന്ന സ്‌കോര്‍. ഗില്ലും ശ്രേയസ് അയ്യറും നല്ല തുടക്കം ഒരിക്കല്‍കൂടി പാഴാക്കിയത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ അസ്വസ്ഥതപ്പെടുത്തും. പുതുമുഖം രജത് പട്ടിധാര്‍ (32) മനോഹരമായി കളിച്ചെങ്കിലും നിര്‍ഭാഗ്യകരമായി പുറത്തായി. ലെഗ്‌സ്പിന്നര്‍ റിഹാന്‍ അഹ്മദിനെ പട്ടിധാര്‍ ഡിഫന്റ് ചെയ്‌തെങ്കിലും ഗ്ലൗസില്‍ തട്ടിത്തെറിച്ച പന്ത് സ്റ്റമ്പ് തെറിപ്പിച്ചു. സ്റ്റമ്പെടുക്കാന്‍ രണ്ടോവര്‍ ശേഷിക്കെ ലോക്കല്‍ ഹീറോ ശ്രീകര്‍ ഭരതിനെയും (17) റിഹാന്‍ പുറത്താക്കി.
വിസ പ്രശ്‌നങ്ങള്‍ കാരണം ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയില്‍ എത്താനാവാതിരുന്ന ശുഐബ് ബഷീറാണ് ആദ്യ വിക്കറ്റെടുത്തത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു (14) ബഷീറിന്റെ കന്നി വിക്കറ്റ്. അരങ്ങേറ്റത്തിന്റെ ചാഞ്ചല്യമില്ലാതെ പന്തെറിഞ്ഞ ബഷീര്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയും (27) പുറത്താക്കി.
ആക്രമണവും പ്രതിരോധവും മനോഹരമായി സമന്വയിപ്പിച്ച ജയ്‌സ്വാളാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ചുക്കാന്‍ പിടിച്ചത്. ശ്രേയസുമൊത്ത് (27) ജയ്‌സ്വാള്‍ 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കളിയുടെ ഗതിക്കെതിരെ ടോം ഹാര്‍ട്‌ലിയാണ് ശ്രേയസിനെ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചത്. പട്ടിധാറുമൊത്ത് 70 റണ്‍സിന്റെയും അക്ഷറുമൊത്ത് 52 റണ്‍സിന്റെയും സഖ്യമുണ്ടാക്കി. ഹാര്‍ട്‌ലിയെ സിക്‌സറിനുയര്‍ത്തിയാണ് ജയ്‌സ്വാള്‍ രണ്ടാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അരങ്ങേറ്റത്തിലെ 171 റണ്‍സിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ മറികടന്നതും സിക്‌സറിലൂടെയാണ്. ഇരുപത്തിരണ്ടുകാരന്റെ ആറാം ടെസ്റ്റാണ് ഇത്. സെഞ്ചുറിയോടെ വെസ്റ്റിന്‍ഡീസിലായിരുന്നു അരങ്ങേറ്റം.
തുടക്കം ശാന്തം
അനാവശ്യമായി ആക്രമിച്ച് ആദ്യ അഞ്ച് ബാറ്റര്‍മാരും വിക്കറ്റ് തുലച്ച ഹൈദരാബാദ് ടെസ്റ്റിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചുവെന്ന രീതിയിലാണ് ഇന്ത്യ കളി തുടങ്ങിയത്. 41 പന്തില്‍ ഒരു ബൗണ്ടറി പോലുമില്ലാതെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 14 ലെത്തിയത്. തന്റെ കരിയറിലെ ആദ്യ വിക്കറ്റായി രോഹിതിനെ കീശയിലാക്കി സ്പിന്നര്‍ ശുഐബ് ബഷീര്‍ ഇംഗ്ലണ്ടിന് ബ്രെയ്ക് ത്രൂ നല്‍കി. ബഷീറിന്റെ നാലാമത്തെ ഓവറില്‍ രോഹിതിന്റെ ലെഗ് ഗ്ലാന്‍സ് ലെഗ് സ്ലിപ്പില്‍ ഒല്ലി പോപ്പ് പിടിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ പന്ത്രണ്ടാം ഓവറിലാണ് ബഷീര്‍ ബൗളിംഗിന് വന്നത്. ഇന്ത്യ അപ്പോള്‍ 27 റണ്‍സിലെത്തിയിരുന്നു. തുടക്കം മുതല്‍ കണിശമായ ലൈനും ലെംഗ്തും പാലിക്കാന്‍ ബഷീറിന് സാധിച്ചു.
നന്നായി കളിക്കുകയായിരുന്ന ശുഭ്മന്‍ ഗില്ലിനെ (34) ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താക്കി. വിക്കറ്റ്കീപ്പര്‍ ബെന്‍ ഫോക്‌സ് പിടിച്ചു. ലഞ്ചിന് മുമ്പ് ആന്‍ഡേഴ്‌സന്‍ എറിഞ്ഞ അവസാന പന്ത് ബൗണ്ടറി കടത്തി ജയ്‌സ്വാള്‍ അര്‍ധ ശതകം തികച്ചു.
മുഹമ്മദ് സിറാജിനെ ഒഴിവാക്കി പകരം മുകേഷ്‌കുമാറിനെ ഇന്ത്യ ടീമിലുള്‍പെടുത്തി. സര്‍ഫറാസ് ഖാനെ പുറത്തിരുത്തിയാണ് പട്ടിധാറിന് അവസരം നല്‍കിയത്. രവീന്ദ്ര ജദേജക്ക് പകരം കുല്‍ദീപ് യാദവ് കളിക്കുന്നു.