ഇസ്‌ലാമാബാദ് -തന്റെ പഴയ ഡബ്ള്‍സ് പാര്‍ട്ണര്‍ രോഹന്‍ ബൊപ്പണ്ണയുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും അത് പ്രചോദനമാണെന്നും പാക്കിസ്ഥാന്‍ ടെന്നിസ് താരം അയ്‌സാമുല്‍ ഹഖ് ഖുറൈശി. ഇന്ത്യ-പാക്കിസ്ഥാന്‍ ഡേവിസ് കപ്പ് ഗ്രൂപ്പ് ഒന്ന് പ്ലേഓഫ് മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അയ്‌സാം. 43ാം വയസ്സിലാണ ബൊപ്പണ്ണ പുരുഷ ഡബ്ള്‍സില്‍ ലോക ഒന്നാം നമ്പറായതും കന്നി ഗ്രാന്റ്സ്ലാം നേടിയതും.
ഒരു പതിറ്റാണ്ട് മുമ്പാണ് ബൊപ്പണ്ണയും അയ്‌സാമും ഒന്നിച്ചു കളിച്ചത്. ഇന്തോ-പാക് എക്‌സ്പ്രസ് എന്ന് മാധ്യമങ്ങള്‍ വിളിച്ച ഈ കൂട്ടുകെട്ട് റാങ്കിംഗില്‍ ആദ്യ പത്തിലെത്തുകയും 2010 ലെ യു.എസ് ഓപണില്‍ ഫൈനലിലെത്തുകയും ചെയ്തു. നാല്‍പത്തിമൂന്നുകാരായ ബൊപ്പണ്ണയും അയ്‌സാമും ഒരുമിച്ചാണ് പ്രൊഫഷനല്‍ കരിയര്‍ തുടങ്ങിയത്. ബൊപ്പണ്ണയുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്ന് അയ്‌സാം വെളിപ്പെടുത്തി. ഡേവിസ് കപ്പില്‍ നിന്ന് ബൊപ്പണ്ണ കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു.
60 വര്‍ഷത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ മണ്ണില്‍ ഇന്ത്യ കളിക്കുന്നത്. ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലെത്തി എന്നതു തന്നെ തനിക്ക് വിജയമാണെന്ന് അയ്‌സാം അഭിപ്രായപ്പെട്ടു. ഈ ചരിത്രമത്സരത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഈ മത്സരങ്ങള്‍ സഹായകമാവും -അയ്‌സാം പറഞ്ഞു.
പാക്കിസ്ഥാനിലേക്കുള്ള യാത്ര വൈകാരികാനുഭവമാണെന്ന് ഇന്ത്യന്‍ ടീമിന്റെ നോണ്‍പ്ലേയിംഗ് ക്യാപ്റ്റന്‍ സീഷാന്‍ അലി പറഞ്ഞു. സീഷാന്റെ പിതാവ് 1964 ല്‍ പാക്കിസ്ഥാനില്‍ കളിച്ച ടീമില്‍ അംഗമായിരുന്നു. അന്ന് മൂന്നു കളികളിലും അഖ്തര്‍ അലി ജയിച്ചുവെന്ന് മകന്‍ അനുസ്മരിച്ചു. സൗഹൃദം പ്രസരിപ്പിക്കാനായാല്‍ തന്നെ ഈ മത്സരം വിജയം കണ്ടുവെന്നും സീഷാന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കുമെന്ന് അറിയാമായിരുന്നെങ്കില്‍ ബൊപ്പണ്ണ കഴിഞ്ഞ വര്‍ഷം വിരമിക്കില്ലായിരുന്നുവെന്ന് സിംഗിള്‍സ് താരം യുകി ഭാംബ്രി പറഞ്ഞു. ഇവിടെ വരാനും കളിക്കാനും ബൊപ്പണ്ണക്ക് ആഗ്രഹമുണ്ടാവുമെന്ന് യുകി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രണ്ട് സിംഗിള്‍സ് മത്സരങ്ങളാണ് അരങ്ങേറുക. ഞായറാഴ്ച ഡബ്ള്‍സും രണ്ട് റിവേഴ്‌സ് സിംഗിള്‍സും. ഇസ്‌ലാമാബാദിലെ പാക്കിസ്ഥാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ഗ്രാസ് കോര്‍ടിലാണ് മത്സരം.