ദോഹ - അരങ്ങേറ്റക്കാരായ താജിക്കിസ്ഥാന്റെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ഉജ്വല കുതിപ്പ് സെല്‍ഫ് ഗോളില്‍ അവസാനിച്ചു. അറുപത്താറാം മിനിറ്റില്‍ വഖ്ദത് ഖനോനോവ് സ്വന്തം പോസ്റ്റില്‍ പന്തടിച്ചതോടെ താജിക്കിസ്ഥാന്റെ സ്വപ്‌നം പൊലിഞ്ഞു. 1-0 ജയത്തോടെ ജോര്‍ദാന്‍ സെമിഫൈനലിലെത്തി. ഓസ്‌ട്രേലിയയെയോ തെക്കന്‍ കൊറിയയെയോ ജോര്‍ദാന്‍ സെമിഫൈനലില്‍ നേരിടും. ആദ്യമായാണ് ജോര്‍ദാന്‍ ഏഷ്യന്‍ കപ്പില്‍ സെമിഫൈനല്‍ കളിക്കുക. 2004 ലും 2011 ലും അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളില്‍ ഇറാഖിനെ ഞെട്ടിച്ചാണ് അവര്‍ ക്വാര്‍ട്ടറിലെത്തിയത്.
ആദ്യ അവസരം ജോര്‍ദാനാണ് ലഭിച്ചത്. മിഡ്ഫീല്‍ഡര്‍ ഇഹ്‌സോന്‍ പഞ്ച്ശാംബെ ബോക്‌സിലേക്ക് കുതിച്ചെത്തിയ ശേഷം തൊടുത്തവിട്ട ഷോട്ട് ക്രോസ്ബാറിനെ വിറപ്പിച്ചു. നിഅ്മത്തിന്റെ ഷോട്ട് തലനാരിഴക്ക് ലക്ഷ്യം തെറ്റി. പിന്നാലെ അലി ഒല്‍വാന്റെയും റജായി ആയിദിന്റെയും തുടരെയുള്ള ശ്രമങ്ങള്‍ റുസ്തം യാതിമോവ് രക്ഷപ്പെടുത്തി.
അറുപത്താറാം മിനിറ്റില്‍ ജോര്‍ദാന്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. കോര്‍ണര്‍ കിക്കിനായി ചാടിയുയര്‍ന്ന ഡിഫന്റര്‍ അബ്ദുല്ല നസീബിന്റെ ഹെഡര്‍ താജിക് താരം വഹ്ദത്തിന്റെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് ഗോളിയെ കീഴടക്കി.