ബൈജൂസ് യു. എസില്‍ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തു

ഡെലവെയര്‍- എജ്യു ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് യു. എസിലെ ഡെലവെയര്‍ കോടതിയില്‍ ചാപ്റ്റര്‍ 11 പാപ്പര്‍ ഹരജി നടപടികള്‍ക്ക് ഫയല്‍ ചെയ്തു. ബൈജുസ് ആല്‍ഫ യൂണിറ്റിന്റെ ആസ്തികള്‍ 500 മില്യണ്‍ ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കോടതി ഫയലിംഗ് പ്രകാരം 100 മുതല്‍ 199 വരെ പരിധിയിലാണ് കടക്കാരെ കാണിക്കുന്നത്.

ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എഡ്-ടെക് കമ്പനി 2022-ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു എന്നാല്‍ പിന്നീട് കമ്പനിയുടെ മൂല്യം ഒരു ബില്യണ്‍ ഡോളറിനും മൂന്നു ബില്യണ്‍ ഡോളറിനും ഇടയില്‍ കുറഞ്ഞു. 

'ഉടന്‍ ബാധ്യതകള്‍' തീര്‍ക്കുന്നതിനും മറ്റ് പ്രവര്‍ത്തന ചെലവുകള്‍ക്കുമായി ഓഹരികളുടെ അവകാശ ഇഷ്യു വഴി 200 മില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് ബൈജൂസ് തിങ്കളാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി 1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണിന്റെ തിരിച്ചടവ് സംബന്ധിച്ച ചര്‍ച്ചകളും ബൈജൂസ് നടത്തുന്നുണ്ടായിരുന്നു. അതോടൊപ്പം ആയിരക്കണക്കിന് ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. രാജ്യത്തിന്റെ വിദേശനാണ്യ നിയമങ്ങളുടെ ലംഘനം ആരോപിച്ച് ഇന്ത്യന്‍ അധികൃതരുടെ നിരീക്ഷണത്തിലാണ് ബൈജൂസ്.

Latest News