ദോഹ - ലോകകപ്പ് ഫുട്‌ബോളിലൂടെ കായിക ലോകത്തെ കീഴടക്കിയ ഖത്തറില്‍ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോക മീറ്റ് ഇത്തവണ അസമയത്താണ് അരങ്ങേറുന്നത്. സാധാരണ ഒളിംപിക്‌സിന്റെ വര്‍ഷം ലോക മീറ്റ് ഉണ്ടാവാറില്ല. എന്നാല്‍ കോവിഡ് കാരണം കഴിഞ്ഞ ലോക മീറ്റുകള്‍ വൈകിയതോടെ ഒളിംപിക്‌സും ലോക മീറ്റും ഒരേ വര്‍ഷമായി. അതിനാല്‍ നിരവധി പ്രമുഖര്‍ വിട്ടുനില്‍ക്കുകയാണ്.
ആദ്യമായാണ് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് ഗള്‍ഫ് മേഖല വേദിയൊരുക്കുന്നത്. 2023 നവംബറില്‍ ജപ്പാനില്‍ നടക്കേണ്ട 21ാമത് ലോക മേള നീട്ടിവെക്കുകയായിരുന്നു. കോവിഡ് കാരണം 20ാമത് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ് നീണ്ടുപോയതായിരുന്നു കാരണം.
ആസ്പയര്‍ ഡോമില്‍ നീന്തലും ആര്‍ടിസ്റ്റിക് സ്വിമ്മിംഗും വാട്ടര്‍പോളോയും അരങ്ങേറും. ഡൈവിംഗ് ഹമദ് അക്വാറ്റിക് സെന്ററിലാണ്. ഓപണ്‍ വാട്ടര്‍ സ്വിമ്മിംഗും ഹൈ ഡൈവിംഗും ഓള്‍ഡ് ദോഹ പോര്‍ടിലാണ്. 18 വരെ മീറ്റ് നീളും.
അവസാന ലോക ചാമ്പ്യന്‍ഷിപ് ഏഴ് മാസം മുമ്പ് മാത്രമാണ് അരങ്ങേറിയത്. പാരിസ് ഒളിംപിക്‌സിന് അഞ്ചു മാസം മാത്രമേ ബാക്കിയുള്ളൂ. നിരവധി നീന്തല്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസരം കൂടിയായിരിക്കും ഇത്.
മിക്ക രാജ്യങ്ങളും ബി ടീമിനെയാണ് ലോക മീറ്റിന് അയച്ചിരിക്കുന്നത്. അമേരിക്കന്‍ ടീമില്‍ ലില്ലി കിംഗ്, കെയ്റ്റി ലെഡ്ക്കി, സീലബ് ഡ്രസ്സല്‍, റയാന്‍ മര്‍ഫി തുടങ്ങിയവരില്ല. ഫുകുവോക ലോക മീറ്റില്‍ 13 സ്വര്‍ണവുമായി മുന്നിലെത്തിയ ഓസ്‌ട്രേലിയ കയ്‌ലീ മകിയോണ്‍, അരിയാണ്‍ ടിറ്റ്മസ്, മോളി ഓ കാലഗന്‍ എന്നിവരില്ലാതെയാണ് വന്നത്. മൈക്കിള്‍ ഫെല്‍പ്്‌സിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് താരം ലിയോണ്‍ മര്‍ച്ചന്റും കാനഡയുടെ സ്വിമ്മിംഗ് സെന്‍സേഷന്‍ സമ്മര്‍ മക്കിന്‍ഡോഷും ചൈനീസ് താരങ്ങളായ ക്വിന്‍ ഹായോംഗ്, ഷാംഗ് യുഫെയ് എന്നിവരും പങ്കെടുക്കുന്നില്ല. കഴിഞ്ഞ ലോക മീറ്റിലെ 22 സ്വര്‍ണ മെഡലുകാരില്‍ ഏഴു പേര്‍ മാത്രമാണ് ദോഹയില്‍ മത്സരിക്കുന്നത്.






