ഹൈദരാബാദ് - ഐ.എസ്.എല്ലിന്റെ പൊലിമയും ഗ്ലാമറിനും മങ്ങലേല്‍പിച്ച് ഹൈദരാബാദ് ടീമിന്റെ പ്രതിഷേധം. കളിക്കളത്തിലും പുറത്തും ഫ്രാഞ്ചൈസി നാണംകെട്ടു. ഗോവയോട് 0-2 ന് തോറ്റ മത്സരത്തില്‍ പ്രതിഫലം കിട്ടാത്തതിലെ പ്രതിഷേധം കളിക്കാരും കോച്ചിംഗ് സ്റ്റാഫും തുറന്നു പ്രകടിപ്പിച്ചു. സാലറി പ്ലീസ് എന്ന ബാനര്‍ അവര്‍ ഉയര്‍ത്തി. ഹൈദരാബാദ് ടീമിലെ ജീവനക്കാര്‍ ഉയര്‍ത്തിയ ബാനര്‍ സെക്യൂരിറ്റിക്കാര്‍ എത്തി ഉടന്‍ നീക്കം ചെയ്തു. 2021-22 സീസണിലെ ചാമ്പ്യന്മാരാണ് ഹൈദരാബാദ്. രണ്ടു വര്‍ഷമായി കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഫ്രാഞ്ചൈസി.
മിക്ക കളിക്കാരും കോച്ചിംഗ് സ്റ്റാഫംഗങ്ങളും കരാര്‍ റദ്ദാക്കി സ്ഥലം വിട്ടു. ഇപ്പോള്‍ തംഗ്‌ബോയ് സിംഗ്‌തോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
ശരിയായ ആളുകളല്ല ടീമിനെ നിയന്ത്രിക്കുന്നതെന്ന് 2020 മുതല്‍ 2023 വരെ ടീമിന്റെ പരിശീലകനായിരുന്ന ഇപ്പോഴത്തെ ഗോവ കോച്ച് മനോലൊ മാര്‍ക്വേസ് പറഞ്ഞു.
ഫ്രാഞ്ചൈസി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് സൂചന. ഗോവക്കെതിരായ മത്സരത്തിനു പോലും അവസാന നിമിഷമാണ് അനുമതി ലഭിച്ചത്. ഈ സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച ഹൈദരാബാദിന് ഒരെണ്ണം പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. എട്ട് കളികളും തോറ്റു. 12 ടീമുകളില്‍ അവസാന സ്ഥാനത്താണ്. ആകെ നാല് പോയന്റാണ് സമ്പാദ്യം. കേരളാ ബ്ലാസ്റ്റേഴ്‌സിനെ കടന്ന് ഗോവ ഒന്നാം സ്ഥാനത്തെത്തി. ഗോവക്ക് 11 കളിയില്‍ 27 പോയന്റായി. ബ്ലാസ്‌റ്റേഴ്‌സിന് 12 കളിയില്‍ 26 പോയന്റാണ്. ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മൂന്നാം സ്ഥാനക്കാരായ ഒഡിഷയുമായി (12 കളിയില്‍ 24) ഏറ്റുമുട്ടും.






