ബഷീറിന്റെ ആദ്യ വിക്കറ്റായി രോഹിത് ശര്‍മ പുറത്ത്

വിശാഖപട്ടണം - ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ഇരുപതുകാരന്‍ സ്പിന്നര്‍ ശുഐബ് ബഷീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ്അരങ്ങേറ്റം കുറിച്ചു. ബഷീറിന്റെ നാലാമത്തെ ഓവറില്‍ രോഹിതിന്റെ ലെഗ് ഗ്ലാന്‍സ് ലെഗ് സ്ലിപ്പില്‍ ഒല്ലി പോപ്പ് പിടിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ പന്ത്രണ്ടാം ഓവറിലാണ് ബഷീര്‍ ബൗളിംഗിന് വന്നത്. ഇന്ത്യ അപ്പോള്‍ 27 റണ്‍സിലെത്തിയിരുന്നു. തുടക്കം മുതല്‍ കണിശമായ ലൈനും ലെംഗ്തും പാലിക്കാന്‍ ബഷീറിന് സാധിച്ചു. പതിവില്‍ നിന്ന് വിരുദ്ധമായി സൂക്ഷ്മതയോടെയാണ് രോഹിത് കളിച്ചത്. 41 പന്തില്‍ ഒരു ബൗണ്ടറി പോലുമില്ലാതെയാണ് 14 ലെത്തിയത്. ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റര്‍മാരും ആക്രമിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്്. 
വിശാഖപട്ടണത്തെ നല്ല ബാറ്റിംഗ് പിച്ചില്‍ ടോസ് നേടിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സിലെത്തി. യശസ്വി ജയ്‌സ്വാളും (39 നോട്ടൗട്ട്) ശുഭ്മന്‍ ഗില്ലുമാണ് (17 നോട്ടൗട്ട്) ക്രീസില്‍. രണ്ട് പെയ്‌സ്ബൗളര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് സിറാജിനെ ഒഴിവാക്കി പകരം മുകേഷ്‌കുമാറിനെ ടീമിലുള്‍പെടുത്തി. മധ്യനിരയില്‍ രജത് പട്ടിധാര്‍ അരങ്ങേറും. സര്‍ഫറാസ് ഖാന് അവസരം കിട്ടിയില്ല. രവീന്ദ്ര ജദേജക്ക് പകരം കുല്‍ദീപ് യാദവ് കളിക്കും. സിറാജ് വിശ്രമം നല്‍കി. വീട്ടില്‍ ചെലവഴിച്ച ശേഷം മൂന്നാം ടെസ്റ്റിന് മുമ്പ് തിരിച്ചെത്തിയാല്‍ മതി. ഇംഗ്ലണ്ട നേരത്തെ ടീം പ്രഖ്യാപിച്ചിരുന്നു. 
2023 ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറിയ മുകേഷ്‌കുമാര്‍ രണ്ട് ടെസ്റ്റ് കളിച്ചിട്ടുണ്ട്.
 

Latest News