പാരിസ് - ഫ്രാന്‍സിലെ ജീവിച്ചിരിക്കുന്ന പ്രായമേറിയ ഒളിംപിക് ചാമ്പ്്യന്‍ ചാള്‍സ് കോസ്‌റ്റെ ഒരു ഒളിംപിക്‌സില്‍ കൂടി മുഖം കാണിക്കാന്‍ ഒരുങ്ങുകയാണ്. 1948 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ട്രാക്ക് സൈക്ലിംഗില്‍ ചാമ്പ്യനായ അദ്ദേഹം അടുത്ത പാരിസ് ഒളിംപിക്‌സിന്റെ ദീപശിഖാ റാലിയില്‍ ദീപശിഖയുമായി ഓടും. മേയിലായിരിക്കും അദ്ദേഹം റാലിയില്‍ പങ്കെടുക്കുക. ഈ മാസം എട്ടിന് കോസ്‌റ്റെക്ക് 100 വയസ്സാവും. തന്റെ വേദനയുള്ള കാല്‍മുട്ട് തടസ്സമാവില്ലെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പാരിസ് ഒളിംപിക്‌സിലെ സൈക്ലിംഗ് മത്സരങ്ങള്‍ കാണണമെന്നും കോസ്‌റ്റെക്ക് ആഗ്രഹമുണ്ട്. ജനുവരി ഒമ്പതിന് 103ാം ജന്മദിനമാഘോഷിച്ച ഹംഗേറിയന്‍ ജിംനാസ്റ്റ് ആഗ്‌നസ് കലേറ്റിയാണ് ജീവിച്ചിരിക്കുന്ന പ്രായമേറിയ ഒളിംപിക് ചാമ്പ്യന്‍
രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന ലണ്ടനിലാണ് 1948 ല്‍ കോസ്‌റ്റെ ഒളിംപിക് ചാമ്പ്യനായത്. ഇന്നത്തെ പോലെ ഗംഭീര മേളയായിരുന്നില്ല ആ ഒളിംപിക്‌സെന്നും മൂന്നു ദിവസം മുമ്പ് മാത്രമാണ് ലണ്ടനിലെത്തിയതെന്നും കോസ്‌റ്റെ ഓര്‍ക്കുന്നു. ഒളിംപിക് ഗ്രാമമൊന്നുമില്ല. അമേരിക്കന്‍ വ്യോമസേനാ ട്രയ്‌നിംഗ് ക്യാമ്പിലായിരുന്നു താമസിച്ചത്. അന്ന് കോസ്‌റ്റെക്ക് പ്രായം 23. അക്കാലത്ത് മെഡലുകള്‍ കഴുത്തില്‍ അണിയിക്കാറുണ്ടായിരുന്നില്ല. ഒരു ബോക്‌സിലാണ് നല്‍കുക. പത്താം വയസ്സ് മുതല്‍ അമ്മയോട് ഒന്നുകില്‍ സൈനിക ജനറലോ അല്ലെങ്കില്‍ ഒളിംപിക് ചാമ്പ്യനോ ആവുമെന്ന് പറയാറുണ്ടായിരുന്നുവെന്ന് കോസ്‌റ്റെ അനുസ്മരിച്ചു.