Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാലറിയില്‍ റൊണാള്‍ഡൊ, റിസര്‍വായി  മെസ്സി; മായയായി മയാമി

റിയാദ് - കഴിഞ്ഞ രണ്ട് ദശകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരുടെ അവസാന പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട റിയാദ് സൂപ്പര്‍ കപ്പിലെ അന്നസ്ര്‍-ഇന്റര്‍ മയാമി മത്സരത്തില്‍ രണ്ടു പേരും കാഴ്ചക്കാരായി. പരിക്ക് ഭേദമാവാത്ത റൊണാള്‍ഡൊ സ്വന്തം ടീമിന്റെ 6-0 വിജയം ഗാലറിയിലിരുന്ന് വീക്ഷിച്ചു. ലിയണല്‍ മെസ്സി എണ്‍പത്തിമൂന്നാം മിനിറ്റില്‍ പകരക്കാരനായിറങ്ങും വരെ റിസര്‍വ് ബെഞ്ചിലായിരുന്നു. 68ാം മിനിറ്റാവുമ്പോഴേക്കും മയാമി ആറ് ഗോളിന് പിന്നിലായിരുന്നു. അതില്‍ മാറ്റം വരുത്താന്‍ മെസ്സിക്ക് സാധിച്ചില്ല. 
മൊത്തം 13 ബാലന്‍ഡോര്‍ ബഹുമതി നേടിയ മെസ്സിയും റൊണാള്‍ഡോയും ഇനി മുഖാമുഖം വരാന്‍ സാധ്യത കുറവാണ്. റൊണാള്‍ഡോക്ക് മുപ്പത്തെട്ടായി. കഴിഞ്ഞ വര്‍ഷം അവസാന ബാലന്‍ഡോറും ഈ വര്‍ഷം അവസാന ഫിഫ ബെസ്റ്റ് ബഹുമതിയും നേടിയെങ്കിലും മെസ്സി ഇനി ആ നേട്ടം കൈവരിക്കാനും സാധ്യതയില്ല. ഏറ്റവും അവസാനം ഇരുവരും ഏറ്റുമുട്ടിയത് റിയാദിലാണ്, 2023 ജനുവരിയില്‍ മെസ്സിയുടെ പി.എസ്.ജി റൊണാള്‍ഡൊ ഉള്‍പ്പെടുന്ന അല്‍ഹിലാല്‍-അന്നസ്ര്‍ സംയുക്ത ടീമിനെ നേരിട്ടപ്പോള്‍. ആ കളി മെസ്സിയുടെ പി.എസ്.ജി 5-4 നാണ് ജയിച്ചത്. 
ഇത്തവണ ബ്രസീലുകാരന്‍ ടാലിസ്‌കയാണ് രണ്ട് പ്രഗദ്ഭരെയും കടത്തിവെട്ടി കളിയിലെ താരമായത്. ആദ്യ 12 മിനിറ്റാവുമ്പോഴേക്ക് തന്നെ മൂന്നു ഗോളടിച്ച് അന്നസ്ര്‍ കളിയുടെ രസച്ചരട് മുറിച്ചു. പിന്നില്‍ നിന്ന് മുന്നേറ്റം രൂപപ്പെടുത്താന്‍ ശ്രമിക്കവെ പന്ത് കൈവശം വിട്ടതോടെ മൂന്നാം മിനിറ്റില്‍ മയാമി വലയില്‍ പന്തെത്തി. ഒടാവിയോയാണ് സ്‌കോര്‍ ചെയ്തപ്പോള്‍ ഗാലറിയില്‍് റൊണാള്‍ഡൊ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. 
മയാമിയുടെ പ്രശ്‌നം പ്രതിരോധമാണെന്ന് വ്യക്തമായിരുന്നു. സ്വന്തം ബോക്‌സിന് പുറത്ത് വീണ്ടും അവര്‍ പന്ത് കൈവിട്ടതോടെ സ്ലൈഡിംഗ് ഷോട്ടോടെ ടാലിസ്‌ക പത്താം മിനിറ്റില്‍ തന്റെ ആദ്യ ഗോള്‍ നേടി. ഏറ്റവും മികച്ച ഗോള്‍ അയ്മറിക് ലപോര്‍ടെയുടേതായിരുന്നു. ഗോളി ഡ്രയ്ക് കലന്റര്‍ ബോക്‌സില്‍ സ്ഥാനം തെറ്റി നില്‍ക്കുന്നതു കണ്ട സ്പാനിഷ് താരം സ്വന്തം ബോക്‌സിന് കുറച്ചു മുമ്പിലായി കിട്ടിയ ഫ്രീകിക്ക് ലോംഗ്‌റെയ്ഞ്ചറായി വലയിലേക്ക് പായിച്ചു. അബദ്ധം മനസ്സിലാക്കി ഡ്രെയ്ക് പിന്നിലേക്കോടിയെങ്കിലും വലയില്‍ നിന്ന് പന്തെടുക്കാനേ ആ ഓട്ടം ഉപകരിച്ചുള്ളൂ. 
ഇടവേളക്കു ശേഷം പെനാല്‍ട്ടിയിലൂടെ ടാലിസ്‌ക സ്‌കോറിംഗ് തുടങ്ങി വെച്ചു. മുഹമ്മദ് മര്‍ആന്റെ ഹെഡറും ടാലിസ്‌കയുടെ ഹാട്രിക് തികച്ച ഗോലും മയാമിയുടെ ദുരന്തം പൂര്‍ത്തിയാക്കി. റൊണാള്‍ഡോയുടെ സിയൂ ആഘോഷത്തോടെ ടാലിസ്‌ക ഗാലറിയെ കൈയിലെടുത്തു. 
ലൂയിസ് സോറസും സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സും യോര്‍ദി ആല്‍ബയും ഡേവിഡ് റൂയിസുമൊക്കെ ഇറങ്ങിയിട്ടും പിന്‍നിരയില്‍ അഞ്ചു പേരെ കാവല്‍ നിര്‍ത്തിയിട്ടും അന്നസ്‌റിന്റെ നിലവാരത്തിനൊപ്പമെത്താന്‍ മയാമിക്ക് സാധിച്ചില്ല. അതേസമയം റൊണാള്‍ഡോക്കു പുറമെ ആഫ്രിക്കന്‍ കപ്പിനായി വിട്ടുനില്‍ക്കുന്ന സാദിയൊ മാനെ, ഏഷ്യന്‍ കപ്പില്‍ കളിച്ച സൗദി താരങ്ങള്‍ എന്നിവരൊന്നുമില്ലാതിരുന്നിട്ടും അന്നസ്ര്‍ മറ്റൊരു തലത്തിലായിരുന്നു.
പ്രി സീസണ്‍ ടൂറില്‍ ഇതുവരെ ഒരു മത്സരം പോലും അവര്‍ ജയിച്ചിട്ടില്ല. ഇനി ഹോങ്കോംഗിലും ജപ്പാനിലും അവര്‍ക്ക് മത്സരങ്ങളുണ്ട്. 21നാണ് മേജര്‍ ലീഗ് സോക്കര്‍ ആരംഭിക്കുന്നത്. 
 

Latest News