മെസിയും സംഘവും രണ്ടാം മത്സരത്തിലും നാണം കെട്ടു, ആറു ഗോൾ തോൽവി

റിയാദ്- റിയാദ് സീസൺ കപ്പിന്റെ രണ്ടാമത്തെ മത്സരത്തിലും മെസിക്കും സംഘത്തിനും നാണം കെട്ട തോൽവി. ആദ്യമത്സരത്തിൽ തോറ്റ മെസിയുടെ ഇന്റർമിയാമിയെ രണ്ടാം മത്സരത്തിൽ അൽ നസർ ഏകപക്ഷീയമായ ആറു ഗോളുകൾക്കാണ് തകർത്തത്. മത്സരത്തിന്റെ മൂന്നാമത്തെ മിനിറ്റിൽ ഒട്ടാവിയോയിലൂടെ അൽ നസർ തുടങ്ങിയ ഗോൾ വേട്ട എഴുപത്തി മൂന്നാമത്തെ മിനിറ്റിൽ ആൻഡേഴ്‌സൺ ടാലിസ്‌കയുടെ മൂന്നാം ഗോൾ വരെ തുടർന്നു. പത്ത്, 51(പെനാൽറ്റി) എന്നീ മിനിറ്റുകളിലായിരുന്നു ടാലിസ്‌കയുടെ മറ്റു രണ്ടു ഗോളുകൾ.

പന്ത്രണ്ടാം മിനിറ്റിൽ ഐമറിക് ലപ്രോട്ടെയും 68-ാം മിനിറ്റിൽ മുഹമ്മദ് മരാനും ഗോൾ നേടി. മത്സരം തുടങ്ങി ആദ്യത്തെ പന്ത്രണ്ടു മിനിറ്റിൽ തന്നെ മെസിയും സംഘവും മൂന്നു ഗോളിന് പിന്നിലായിരുന്നു.ക്രിസ്റ്റിയാനോ റൊണാൾഡോ-ലിയണൽ മെസി സൂപ്പർ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ പക്ഷെ ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നില്ല. പരിക്ക് കാരണം താരം വിശ്രമത്തിലാണ്. പകരക്കാരനായാണ് മെസിയും കളിക്കളത്തിലെത്തിയത്. 

ആദ്യ മത്സരത്തില്‍ ഹിലാലിനോട് നാലിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്‍ര്‍മിയാമി തോറ്റത്. 


 

Latest News