ദോഹ - ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ജപ്പാന്‍ വിംഗര്‍ ജൂന്യ ഇറ്റോയെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടീമില്‍ നിന്ന് പിന്‍വലിച്ചതായി അവരുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. രണ്ട് വനിതകളാണ് ഇറ്റോക്കെതിരെ പരാതിയുമായി വന്നത്. ആരോപണം നിഷേധിക്കുകയാണ് ഫുട്‌ബോളര്‍.
കഴിഞ്ഞ വര്‍ഷം ഒസാക്കയില്‍ പെറുവിനെതിരായ ജപ്പാന്റെ സൗഹൃദ മത്സരത്തിന് ശേഷം ഒരു ഹോട്ടലിലാണ് വിവാദ സംഭവം അരങ്ങേറിയതെന്നാണ് പരാതി. വനിതകള്‍ക്കൊപ്പം ചെലവിട്ടതായി ഇറ്റൊ സമ്മതിക്കുന്നു. എന്നാല്‍ ഇരുവിഭാഗവും പറയുന്ന കാര്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമാണ്. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഒരു അഭിഭാഷകനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറഞ്ഞു.
ആരോപണങ്ങള്‍ ഉയര്‍ത്തുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ പരിഗണിച്ചാണ് ഇറ്റോ ഏഷ്യന്‍ കപ്പ് വിട്ടതെന്ന് അസോസിയേഷന്‍ അറിയിച്ചു. ജപ്പാന്‍ പോലീസ് മുപ്പതുകാരനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബ് റെയിമിന്റെ താരമായ ഇറ്റൊ ജപ്പാനു വേണ്ടി 54 കളികളില്‍ 13 ഗോളടിച്ചിട്ടുണ്ട്.