വിശാഖപട്ടണം - ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് നാളെ വിശാഖപട്ടണത്ത് ആരംഭിക്കുമ്പോള്‍ കരിയറിലെ സുപ്രധാന നാഴികക്കല്ലിനടുത്താണ് രണ്ടു പേര്. ഇന്ത്യയുടെ ആര്. അശ്വിനും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സനും.
ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികക്കുന്ന ഇന്ത്യയുടെ രണ്ടമത്തെ ബൗളറാവാന്‍ അശ്വിന് വേണ്ടത് നാല് ഇരകള്‍ കൂടി മാത്രം. മുത്തയ്യ മുരളീധരനും ഷെയ്ന് വോണുമുള്ള 700 വിക്കറ്റ് ക്ലബ്ബില്‍ ആദ്യ പെയ്സ്ബൗളറായി കടന്നുകൂടാന്‍ ആന്ഡേഴ്സന് 10 വിക്കറ്റ് കൂടി മതി. ആര് ആദ്യം നേട്ടം കൈവരിക്കുമെന്നറിയാന് ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്.
ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറാവാനും അശ്വിന് അവസരമുണ്ട്. ഇപ്പോള്‍ ഭഗവത് ചന്ദ്രശേഖറിന് ഒരു വിക്കറ്റ് പിന്നിലാണ് അശ്വിന് -95. ആന്ഡേഴ്സന് ഇന്ത്യക്കെതിരെ 139 വിക്കറ്റെടുത്തിട്ടുണ്ട്.
വിശാഖപട്ടണത്ത് ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മ അവസാനം ഇവിടെ കളിച്ചപ്പോള്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്നു, ദക്ഷിണാഫ്രിക്കക്കെതിരെ.
ആന്ഡേഴ്സന് ഇന്ത്യയില്‍ പതിനാലാമത്തെ ടെസ്റ്റാണ് കളിക്കുക. വീവ് റിച്ചാഡ്സ് 15 ടെസ്റ്റ് കളിച്ചിട്ടുണ്ട്.