ഭുവനേശ്വര്‍ - ഇടവേളക്കു ശേഷം ബുധനാഴ്ച പുനരാരംഭിച്ച ഐ.എസ്.എല്ലില്‍ ആദ്യ മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മഞ്ഞപ്പട ഭുവനേശ്വറില്‍ ഒഡിഷ എഫ്.സിയെയാണ് നേരിടുക. ഐ.എസ്.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ പലതവണ കിരീടപ്രതീക്ഷയുണര്‍ത്തിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ലൈന്‍ കടക്കാനായിട്ടില്ല. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും മഞ്ഞപ്പട കിരീടം നേടുമെന്ന് കരുതുന്നവര്‍ വിരളമാണ്.
പ്രധാന കാരണം പരിക്കാണ്. ജോഷ്വ സോറീറ്റിയൊ, അഡ്രിയന്‍ ലൂണ, ജീക്‌സന്‍ സിംഗ്, അയ്ബാന്‍ഭ ഡോളിംഗ്, ക്വാമെ പെപ്ര തുടങ്ങിയ മുന്‍നിര കളിക്കാരെയാണ് പലഘട്ടങ്ങളിലായി ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെട്ടത്. യുവ കളിക്കാരായ മുഹമ്മദ് അയ്മന്‍, അസ്ഹര്‍, സചിന്‍ സുരേഷ്, വിബിന്‍ മോഹനന്‍ തുടങ്ങിയ യുവ മലയാളി കളിക്കാരില്‍ കോച്ച് ഇവാന്‍ വുകൂമനോവിച് പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. പ്രിതം കോടാലിന്റെയും പ്രബീര്‍ ദാസിന്റെയും പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുന്നു.
പ്രതിരോധം ശക്തമാണ് എന്നതാണ് ഈ സീസണില്‍ മഞ്ഞപ്പടയുടെ കരുത്്ത. കോടാലും പ്രബീറും മാര്‍ക്കൊ ലെസ്‌കോവിച്ചും മിലോസ് ഡിന്‍ഡ്രിച്ചുമടങ്ങുന്ന പ്രതിരോധ നിര ലീഡ് കാത്തുസൂക്ഷിക്കാന്‍ മിടുക്കരാണ്. മധ്യനിരയില്‍ ദാനിഷ് ഫാറൂഖിയുണ്ട്. മുന്‍നിരയില്‍ ദിമിത്രിയോസ് ദിയാമന്‍ഡാകോസ് ചുമതലയേറ്റെടുക്കുന്നു. ഗോളുകളും അസിസ്റ്റുകളും പരിഗണിക്കുമ്പോള്‍ ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനത്താണ് ഗ്രീക്ക് താരം. പെപ്രയുടെ അഭാവം നികത്താന്‍ ഗോകുലത്തില്‍ നിന്ന് ജസ്റ്റിന്‍ ഇമ്മാനുവേലിനെ തിരിച്ചുവിളിച്ചിട്ടുണ്ട്.
ഈ സീസണില്‍ ഹോം മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടില്ല. നാല് മത്സരങ്ങള്‍ കൂടി അവര്‍ക്ക് കൊച്ചിയിലുണ്ട്. അതില്‍ മൂന്നെങ്കിലും ജയിച്ചാല്‍ കിരീടം കൈയെത്തും ദൂരെയായിരിക്കും.