ഇസ്‌ലാമാബാദ് - ആറ് പതിറ്റാണ്ടിന്റെ സുദീര്‍ഘമായ ഇടവേളക്കു ശേഷം ഡേവിസ് കപ്പ് ടെന്നിസില്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കും. ഗ്രൂപ്പ് ഒന്ന് പ്ലേഓഫ് മത്സരം ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇസ്‌ലാമാബാദിലാണ് നടക്കുക. പാക്കിസ്ഥാനില്‍ കളിക്കുന്നതിനു പകരം മത്സരം മൂന്നാമതൊരു രാജ്യത്ത് നടത്തണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന ആദ്യം ഡേവിസ് കപ്പ് അധികൃതരും പിന്നീട് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന്‍ ട്രിബ്യൂണലും തള്ളുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം സുമിത് നഗാല്‍ ഉള്‍പ്പെടെ ഏതാനും കളിക്കാര്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
സുമിത് 121 ാം റാങ്കാണ്. അതു കഴിഞ്ഞാല്‍ ഏറ്റവും മികച്ച റാങ്കിംഗുള്ള കളിക്കാരന്‍ 461ാം സ്ഥാനത്തുള്ള രാംകുമാര്‍ രാമനാഥനാണ്. സുമിത് ഈയിടെ ഓസ്‌ട്രേലിയന്‍ ഓപണില്‍ രണ്ടാം റൗണ്ടിലെത്തിയിരുന്നു.
പാക്കിസ്ഥാന്റെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരന്‍ രോഹന്‍ ബൊപ്പണ്ണയുടെ മുന്‍ ഡബ്ള്‍സ് കൂട്ടാളിയായ അയ്‌സാമുല്‍ ഹഖ് ഖുറൈശിയാണ്. ഖുറൈശി സിംഗിള്‍സും കളിക്കാനിടയുണ്ട്. ഇസ്‌ലാമാബാദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം. മത്സരം കാണാന്‍ ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം പേര്‍ക്കേ അനുമതിയുള്ളൂ. ഇന്ത്യന്‍ കളിക്കാര്‍ക്കും ഹോട്ടലും മത്സരവേദിയും മാത്രമേ കാണാന്‍ സാധിക്കൂ. കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ താരം സീഷാന്‍ അലിയാണ് നോണ്‍പ്ലേയിംഗ് ക്യാപ്റ്റന്‍. ഇന്ത്യ അവസാനം പാക്കിസ്ഥാനെതിരെ കളിച്ചത് 2019 ലാണ്. ഇന്ത്യയുടെ ആശങ്കയെത്തുടര്‍ന്ന് കസാഖിസ്ഥാനിലേക്ക് മാറ്റിയ ആ കളിയില്‍ 4-0 ന് പാക്കിസ്ഥാന്‍ തോറ്റു. പാക്കിസ്ഥാന്‍ അവസാനം ഇന്ത്യന്‍ മണ്ണില്‍ കളിച്ചത് 2006 ലാണ്.