വിശാഖപട്ടണം -പരിക്കുകള്‍ അലട്ടിയതോടെ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ ടീമുമായാണ നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുക. മൂന്നാം ടെസ്റ്റിലും സ്ഥിതി വ്യത്യസ്തമാവില്ലെന്നാണ് സൂചന.
മുഹമ്മദ് ഷമിയും വിരാട് കോലിയും ആദ്യ രണ്ട് ടെസ്റ്റിനുണ്ടാവില്ലെന്ന് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു. രവീന്ദ്ര ജദേജക്കും കെ.എല്‍ രാഹുലിനും ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റു. ഇതില്‍ രാഹുലൊഴികെ മൂന്നു പേരും മൂന്നാം ടെസ്റ്റിനും ഉണ്ടാവില്ലെന്നാണ് സൂചന.
ജദേജക്ക് ആദ്യ ടെസ്റ്റില്‍ റണ്‍സിനായി ഓടവെ പേശിവേദന അനുഭവപ്പെടുകയായിരുന്നു. പ്രതീക്ഷിച്ചതിലും സമയമെടുക്കും സുഖപ്പെടാനെന്നാണ് കരുതുന്നത്. 23 ന് റാഞ്ചിയില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റിന് തന്നെ ജദേജ ലഭ്യമായാല്‍ ഭാഗ്യമെന്നാണ് സൂചന.
ഷാമിക്ക് കണങ്കാലിനാണ് പരിക്ക്. ലണ്ടനില്‍ ചികിത്സയിലാണുള്ളത്. ഇപ്പോള്‍ ഇഞ്ചക്ഷനാണ് നല്‍കുന്നത്. ശസ്ത്രക്രിയ വേണ്ടിവരുമോയെന്ന് വ്യക്തമല്ല. പരമ്പര ഷാമിക്ക് പൂര്‍ണമായി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എല്ലില്‍ പോലും തുടക്കത്തില്‍ ഷാമിക്ക് കളിക്കാന്‍ കഴിയണമെന്നില്ല.
വ്യക്തിപരമായ കാരണങ്ങളാലാണ് കോലി ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇപ്പോള്‍ വിദേശത്താണുള്ളത്. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കുണ്ടാവുമോയെന്ന് ഒരു സൂചനയുമില്ല.
എന്നാല്‍ 15 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് രാഹുല്‍ ലഭ്യമായേക്കും. രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കിടയില്‍ വലിയ ഇടവേളയുണ്ട്.