ജിദ്ദ - ഇസ്രായിലുമായി ആദ്യമായി സാധാരണബന്ധം സ്ഥാപിച്ച മേഖലാ രാജ്യം ഖത്തറാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി വെളിപ്പെടുത്തി. അമേരിക്കയിലെ ഫോക്‌സ് ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിലുള്ള ഖത്തറിന്റെ നിലപാട് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. തൊണ്ണൂറുകൾ മുതലും ഓസ്‌ലോ കരാർ മുതലും ഖത്തറിന്റെ നിലപാട് വ്യക്തമാണ്. ഓസ്‌ലോ കരാർ ഒപ്പുവെച്ച ശേഷം ഇസ്രായിലുമായി ആദ്യമായി സാധാരണബന്ധം സ്ഥാപിച്ച രാജ്യമാണ് ഖത്തർ. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കപ്പെടുമെന്ന് അന്ന് പ്രതീക്ഷയുണ്ടായിരുന്നു.
1997 ൽ ഇസ്രായിലുമായി ഖത്തർ വാണിജ്യ ബന്ധം സ്ഥാപിച്ചു. ഇതിനു ശേഷം ഇസ്രായിൽ പ്രധാനമന്ത്രി ഖത്തർ സന്ദർശിച്ചു. ഇതിനു പിന്നാലെ നിരവധി നയതന്ത്ര സന്ദർശനങ്ങൾ പരസ്പരം നടന്നു. അന്നു മുതൽ ഇതുവരെ ഇസ്രായിൽ പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് ഖത്തർ തുടരുന്നു. 2008 ലെ ഗാസ യുദ്ധ കാലത്ത് ഇസ്രായിലുമായി തങ്ങൾക്ക് വിയോജിപ്പുണ്ടായി. ഇതേ തുടർന്ന് ഖത്തറിലെ ഇസ്രായിലി ഓഫീസുകൾ അടക്കാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നു.
ഫലസ്തീനികൾക്കായി വ്യക്തമായ രാഷ്ട്രീയ ഭാവി രൂപപ്പെടുന്ന പക്ഷം ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കാൻ ഖത്തർ ഒരുക്കമാണ്. ഇസ്രായിലും ഫലസ്തീനും അടക്കം എല്ലാ രാജ്യങ്ങളുമായും സാധാരണബന്ധം ഉണ്ടാകണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നത്. ഇസ്രായിലും ഫലസ്തീനും ഒരുമിച്ച് സമാധാനത്തിൽ കഴിയണമെന്നാണ് ഖത്തർ ആശിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു.






