വിശാഖപട്ടണം - ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ ബാറ്റിംഗ് നിരയുമായി ഇന്ത്യ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പാഡ് കെട്ടുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് അഞ്ചു മത്സര പരമ്പരയില്‍ തിരിച്ചുവരാന്‍ വിജയം അനിവാര്യമാണ്.
ഓള്‍റൗണ്ടര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ ബാറ്റര്‍മാര്‍ ആകെ കളിച്ചത് നൂറില്‍ താഴെ ടെസ്റ്റാണ്. ഇത്ര പരിചയസമ്പത്ത് കുറഞ്ഞ ടീമുമായി ഇന്ത്യ അവസാനം കളിച്ചത് 2015 ല്‍ ശ്രീലങ്കക്കെതിരെയാണ്. ഇന്ത്യയുടെ മൊത്തം ബാറ്റര്‍മാര്‍ നേടിയ ടെസ്റ്റ് റണ്‍സിനെക്കാള്‍ കൂടുതല്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മാത്രം സകോര്‍ ചെയ്തിട്ടുണ്ട്.
ചേതേശ്വര്‍ പൂജാരക്കും അജിന്‍ക്യ രഹാനെക്കും പകരക്കാരായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്ന ശ്രേയസ് അയ്യരും ശുഭ്മന്‍ ഗില്ലും ഒട്ടും ഫോമിലല്ലെന്നതാണ് ഏറ്റവും ആശങ്ക. ഇരുവരും അവസാന പത്ത് ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്തത് 160 ല്‍ താഴെ റണ്‍സാണ്. ആര്‍. അശ്വിനെയും ജസ്പ്രീത് ബുംറയെയും മാറ്റിനിര്‍ത്തിയാല്‍ ബൗളര്‍മാരും പരിചയസമ്പത്തില്ലാത്തവരാണ്.
വിരാട് കോലി വിട്ടുനില്‍ക്കുകയാണ്. കെ.എല്‍ രാഹുലിനും രവീന്ദ്ര ജദേജക്കും പരിക്കാണ്. ഒരു പുതുമുഖമെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയിലുണ്ടാവും. രജത് പട്ടിധാറോ സര്‍ഫറാസ് ഖാനോ.