ദോഹ - ലോകകപ്പ് ഫുട്‌ബോളിലൂടെ കായിക ലോകത്തെ കീഴടക്കിയ ഖത്തര്‍ മറ്റൊരു ലോക ചാമ്പ്യന്‍ഷിപ്പിന് നാളെ മുതല്‍ വേദിയൊരുക്കുന്നു. ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ 18 വരെ ദോഹയില്‍ അരങ്ങേറും. ആദ്യമായാണ് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് ഗള്‍ഫ് മേഖല വേദിയൊരുക്കുന്നത്. 2023 നവംബറില്‍ ജപ്പാനില്‍ നടക്കേണ്ട 21ാമത് ലോക മേള നീട്ടിവെക്കുകയായിരുന്നു. കോവിഡ് കാരണം 20ാമത് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ് നീണ്ടുപോയതായിരുന്നു കാരണം.
ആസ്പയര്‍ ഡോമില്‍ നീന്തലും ആര്‍ടിസ്റ്റിക് സ്വിമ്മിംഗും വാട്ടര്‍പോളോയും അരങ്ങേറും. ഡൈവിംഗ് ഹമദ് അക്വാറ്റിക് സെന്ററിലാണ്. ഓപണ്‍ വാട്ടര്‍ സ്വിമ്മിംഗും ഹൈ ഡൈവിംഗും ഓള്‍ഡ് ദോഹ പോര്‍ടിലാണ്.
അവസാന ലോക ചാമ്പ്യന്‍ഷിപ് ഏഴ് മാസം മുമ്പ് മാത്രമാണ് അരങ്ങേറിയത്. പാരിസ് ഒളിംപിക്‌സിന് അഞ്ചു മാസം മാത്രമേ ബാക്കിയുള്ളൂ. രണ്ടിന്റെയും മധ്യത്തില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ഏറെ പ്രാധാന്യമുണ്ട്. നിരവധി നീന്തല്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസരം കൂടിയായിരിക്കും ഇത്.