ദുബായ് - ലഗേജില്‍ മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട 25 കാരന്‍ അധികൃതരോട് പറഞ്ഞത് രസകരമായ ന്യായീകരണം. യു.എ.ഇക്ക് പുറത്ത് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും എന്നാല്‍ വിമാനം കയറുന്നതിന് മുമ്പ് ബാഗില്‍നിന്ന് എടുത്തുമാറ്റാന്‍ മറന്നുപോയെന്നും യൂറോപ്യന്‍ പൗരനായ യാത്രക്കാരന്‍ പറഞ്ഞു.
ട്രാവല്‍ ബാഗില്‍നിന്ന് കഞ്ചാവും കഞ്ചാവ് ചെടികള്‍ മുറിക്കുന്ന ഉപകരണവും അധികൃതര്‍ കണ്ടെടുത്തു. ഇയാളെ ദുബായ് കോടതി ശിക്ഷിക്കുകയും 10,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. ആദ്യം ഇയാളെ നാടുകടത്താനാണ് ഉത്തരവിട്ടത്. ഈ തീരുമാനത്തിനെതിരെ അയാള്‍ അപ്പീല്‍ നല്‍കി. രാജ്യം വിട്ടുപോകാന്‍ പ്രയാസമുണ്ടെന്നും താന്‍ ക്രിമിനല്‍ പ്രവൃത്തികളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നും വാദിച്ചു. തുടര്‍ന്ന് നാടുകടത്തല്‍ വിധി റദ്ദാക്കിയ അപ്പീല്‍ കോടതി 10,000 ദിര്‍ഹം പിഴ ശരിവച്ചു.
പ്രതിയുടെ കൈവശമുള്ള ട്രിമ്മറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ദുബായ് വിമാനത്താവളത്തില്‍ പ്രതിയെ വിശദമായി പരിശോധിച്ചത്. സാധാരണ കഞ്ചാവ് ചെടികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണിത്.
പരിശോധനക്കൊടുവില്‍, കഞ്ചാവിന്റെ പത്ത് ഗുളികകളുള്ള ഒരു മരുന്ന് പെട്ടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി ഈ പദാര്‍ഥം നിയമവിരുദ്ധ മരുന്നാണെന്ന് സ്ഥിരീകരിച്ചു. പോലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും ചോദ്യം ചെയ്യലിനിടെ, താന്‍ ഇത് ബാഗില്‍നിന്ന് എടുത്തുമാറ്റാന്‍ മറന്നതാണെന്നും രാജ്യത്തേക്ക് വില്‍പനക്ക് കൊണ്ടുവന്നതല്ലെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മയക്കുമരുന്ന് ലഹരിയിലാണെന്നും കണ്ടെത്തി.






