അഗര്‍ത്തല - വിമാനത്തില്‍ വെച്ച് വെള്ളമെന്നു കരുതി കര്‍ണാടക രഞ്ജി ക്യാപ്റ്റന്‍ മായാങ്ക് അഗര്‍വാള്‍ കുടിച്ചത് ക്ലീനിംഗിനുള്ള സ്പിരിറ്റ്. എരിച്ചില്‍ അനുഭവപ്പെട്ടതോടെ തുപ്പിക്കളഞ്ഞതിനാലാണ് വലിയ അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. ഇന്‍ഡിഗൊ വിമാനത്തില്‍ സൂറത്തിലേക്കുള്ള യാത്രക്കിടയെയായിരുന്നു മുന്നില്‍ കണ്ട കുപ്പിയില്‍ നിന്ന് മായാങ്ക് കുടിച്ചത്. എരിച്ചിലും ഛര്‍ദ്ദിയിലും ഉണ്ടായതോടെ വിമാനം അടിയന്തരമായി അഗര്‍ത്തലയില്‍ തിരിച്ചിറക്കി മായാങ്കിനെ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച് വേദനാസംഹാരി കുത്തിവെക്കേണ്ടി വന്നു. ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങിയ മായാങ്ക് അവിടെ ചികിത്സ തുടരും.
കര്‍ണാടക ടീമിന്റെ രഞ്ജി മത്സരത്തിനായി അഗര്‍ത്തലയില്‍ നിന്ന് സൂറത്ത് വഴി ന്യൂദല്‍ഹിയിലേക്ക് പോവുകയായിരുന്നു അഗര്‍വാള്‍. വെള്ളിയാഴ്ച റെയില്‍വേസിനെതിരെ കര്‍ണാടകയുടെ അടുത്ത റൗണ്ട് മത്സരം ആരംഭിക്കുകയാണ്.
ഈ സീസണില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ ശതകവുമായി മികച്ച ഫോമിലായിരുന്നു അഗര്‍വാള്‍. നിഖിന്‍ ജോസ് അടുത്ത മത്സരത്തില്‍ കര്‍ണാടകയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തേക്കും.