മുംബൈ - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ സിക്സില് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വെള്ളിയാഴ്ച നേപ്പാളിനെ നേരിടുകയാണ്. ടീമിലെ ആദ്യ പേര് മുശീര്‍ ഖാന്റേതായിരിക്കും. രണ്ട് സെഞ്ചുറിയുമായി ടൂര്‍ണമെന്റിലെ ടോപ്സ്കോററാണ് മുജീബ്. നാല് വിക്കറ്റുമെടുത്തിട്ടുണ്ട്. പക്ഷെ പിതാവ് നൗഷാദിന്റെ നോട്ടം വിശാഖപട്ടണത്തേക്കായിരിക്കും. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ നേരിടുന്ന ഇന്ത്യന്‍ ടീമില്‍ മുശീറിന്റെ ജ്യേഷ്ഠന് സര്‍ഫറാസ് ഖാന് ഉണ്ടാവുമോയെന്നറിയാനായിരിക്കും നൗഷാദിന് കൂടുതല്‍ ആകാംക്ഷ.
മുശീറിനെ ക്രിക്കറ്റ്പ്രേമികള്‍ കേട്ടുതുടങ്ങിയിട്ട് അധികമായിട്ടില്ല. എന്നാല്‍ സര്‍ഫറാസ് ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 2020 മുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സര്‍ഫറാസിന്റെ ബാറ്റിംഗ് ശരാശരി 85 ന് അടുത്താണ്.
പക്ഷെ സര്‍ഫറാസിന് അവസരം കിട്ടുമോയെന്ന് ഉറപ്പില്ല. നേരത്തെ മുതല്‍ ടീമിലുള്ള രജത് പട്ടിധാര്‍ അവസരം കാത്തുനില്‍ക്കുന്നുണ്ട്.
ഇംഗ്ലണ്ട് ടീമില്‍ സ്പിന്നര്‍ ജാക്ക് ലീച്ച് ഉണ്ടാവില്ലെന്നുറപ്പാണ്. ഹൈദരാബാദിനെ അപേക്ഷിച്ച് പെയ്സിനെ തുണക്കുന്നതായിരിക്കും വിശാഖപട്ടണത്തെ പിച്ചെന്നാണ് സൂചന. എങ്കില്‍ മാര്‍ക്ക് വുഡിനൊപ്പം പെയ്സ്ബൗളര്‍ ജെയിംസ് ആന്ഡേഴ്സന് കളിച്ചേക്കും.