മാഞ്ചീനി ഗ്രൗണ്ട് വിട്ടതെന്തിന്,  അമര്‍ഷം പുകയുന്നു

ദോഹ -ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയക്കെതിരായ ഷൂട്ടൗട്ടിലെ അവസാന കിക്കിന് മുമ്പ് കോച്ച് റോബര്‍ടൊ മാഞ്ചീനി ഗ്രൗണ്ട് വിട്ടതില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരാശ പ്രകടിപ്പിച്ചു. ഒരു തരത്തിലും അത് അംഗീകരിക്കാനാവില്ല. ഇക്കാര്യം അദ്ദേഹവുമായി സംസാരിക്കും, പറയാനുള്ളത് കേള്‍ക്കും. അതിന് ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും - ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിശ്അല്‍ പറഞ്ഞു. 
ഗ്രൗണ്ട് വിട്ടത് ആരോടും അനാദരവ് പ്രകടിപ്പിക്കാനല്ലെന്നും ഷൂട്ടൗട്ട് കഴിഞ്ഞുവെന്നാണ് കരുതിയതെന്നും അമ്പത്തൊന്നുകാരന്‍ വിശദീകരിച്ചു. മാപ്പ് പറയുന്നു, എല്ലാം കഴിഞ്ഞുവെന്നു കരുതിയാണ് മടങ്ങിയത്. ആരോടും അനാദരവില്ല. എല്ലാ കളിക്കാര്‍ക്കും നന്ദി പറയുകയാണ്, അവര്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് ഞങ്ങള്‍ ഒരു മാസം ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങളൊരു ടീമാണ് -മാഞ്ചീനി പറഞ്ഞു. 
മൊത്തത്തില്‍ സൗദിയുടെ പ്രകടനത്തില്‍ തൃപ്തരാണെന്ന് യാസിര്‍ മിശ്അലും വ്യക്തമാക്കി. മാഞ്ചീനിയുടെ പദവിക്ക് തല്‍ക്കാലം ഭീഷണിയില്ലെന്നാണ് കരുതുന്നത്. സൗദി അറേബ്യയാണ് 2027 ലെ അടുത്ത ഏഷ്യന്‍ കപ്പിന്റെ ആതിഥേയര്‍. 2034 ലെ ലോകകപ്പും സൗദിയിലായിരിക്കും. അതിനായി ടീമിനെ ഒരുക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. ഷൂട്ടൗട്ടില്‍ തോറ്റെങ്കിലും സൗദിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. സൗദി അവസാനമായി ഏഷ്യന്‍ ചാമ്പ്യന്മാരായത് 1996 ലാണ്. 
സൂപ്പര്‍ കോച്ചുകളുടെ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ യൂര്‍ഗന്‍ ക്ലിന്‍സ്മാന്റെ തെക്കന്‍ കൊറിയക്കെതിരെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകള്‍ വരെ സൗദി 1-0 ന് മുന്നിലായിരുന്നു. ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ സൗദി ഷൂട്ടൗട്ടില്‍ 4-2 ന് തോറ്റു. 
അബ്ദുറഹമാന്‍ ഗരീബ് സൗദിയുടെ നാലാമത്തെ പെനാല്‍ട്ടി പാഴാക്കിയതോടെയാണ് മാഞ്ചീനി എജുക്കേഷന്‍ സിറ്റി ഗ്രൗണ്ട് വിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. ഹ്വാംഗ് ഹീ ചാന്‍ അടുത്ത കിക്ക് ഗോളാക്കി കൊറിയയെ ക്വാര്‍ട്ടറിലേക്ക് നയിച്ചു. 
ഓസ്‌ട്രേലിയയുമായി തെക്കന്‍ കൊറിയ ക്വാര്‍ട്ടറില്‍ ഫൈനലില്‍ ഏറ്റുമുട്ടും. നിശ്ചിത സമയത്തിന്റെ അവസാന സെക്കന്റുകളിലെ ഗോളിലൂടെ എക്‌സ്ട്രാ ടൈമിലേക്ക് കൊറിയ ആയുസ്സ് നീട്ടുകയായിരുന്നു (1-1). ചോ ഗൂ സുംഗാണ് ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ അബ്ദുല്ല റാദിഫിലൂടെ ഇടവേളക്കു ശേഷം മുപ്പത്തിനാലാം സെക്കന്റില്‍ സൗദി മുന്നിലെത്തിയിരുന്നു. എക്‌സ്ട്രാ ടൈമില്‍ മൂന്നു തവണ സൗദി ഗോളി അഹമദ് അല്‍കസറിന്റെയും അവസാന വേളയില്‍ കൊറിയന്‍ ഗോളി ഹാംഗ് വോണ്‍ ചോയുടെയും മിന്നുന്ന സെയ്‌വുകളാണ് സ്‌കോര്‍ തുല്യമാക്കി നിര്‍ത്തിയത്. 
ഷൂട്ടൗട്ടില്‍ സാമി അല്‍നാജിയുടെയും അബ്ദുറഹമാന്‍ ഗരീബിന്റെയും കിക്കുകള്‍ കൊറിയന്‍ ഗോളി രക്ഷിച്ചു. സൗദിയുടെ മുഹമ്മദ് കാനു, സൗദ് അബ്ദുല്‍ഹമീദ്, കൊറിയയുടെ സോന്‍ ഹ്യുംഗ് മിന്‍, ഓ ഹ്യോംഗ് ഗ്യു, ജോ ക്യോ സോംഗ്, ഹ്വാംഗ് ഹീ ചാന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ഗോള്‍ വീണ ശേഷം തിരിച്ചടിക്കാന്‍ കൊറിയ എല്ലാ ശ്രമവും നടത്തിയെങ്കിലും സൗദി പ്രതിരോധവും രണ്ടാം ഗോളി അഹമദ് അല്‍കസറും അവസാന മിനിറ്റുകള്‍ വരെ ഉറച്ചുനിന്നു പലതവണ അല്‍കസര്‍ ടീമിന്റെ രക്ഷകനായി. ഇഞ്ചുറി ടൈമില്‍ ക്രോസ് ബാറും കൊറിയക്ക് തടസ്സം നിന്നു. പ്രത്യാക്രമണത്തില്‍ സൗദിയും ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചു. റാദിഫിന്റെ ഒരു മുന്നേറ്റം ബോക്‌സ് വിട്ടിറങ്ങി കൊറിയന്‍ ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. 1964 നു ശേഷം കൊറിയ ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായിട്ടില്ല. 
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ അബ്ദുല്ല റാദിഫാണ് ഗോളടിച്ചത്. സാലിഹ് അല്‍ശഹരിക്കു പകരം ഇടവേളക്കു ശേഷം പകരക്കാരനായിറങ്ങിയ റാദിഫ് കിക്കോഫില്‍ നിന്ന് പ്രതിരോധം തുളച്ചു കിട്ടിയ പാസുമായി ബോക്‌സിലേക്ക് കുതിച്ച് ഗോളിയെ കീഴടക്കുകയായിരുന്നു. 
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. ഇടവേളക്ക് അല്‍പം മുമ്പ് തുടരെ രണ്ടു തവണ ക്രോസ് ബാര്‍ സൗദിക്ക് തടസ്സം നിന്നു. ആദ്യം സാലിഹ് അല്‍ശഹരിയുടെ ഹെഡര്‍ ക്രോസ്ബാറിനിടിച്ച് തെറിച്ചു. റീബൗണ്ട് അലി അലജമി തിരിച്ചുവിട്ടപ്പോഴും ക്രോസ്ബാറിനിടിച്ചു. മൂന്നാം തവണ സൗദി ശ്രമിച്ചപ്പോള്‍ കോര്‍ണര്‍ വഴങ്ങി കൊറിയന്‍ പ്രതിരോധം അപകടമകറ്റി.  


 

Latest News