ബ്യൂണസ് ഐറിസ് - അടുത്ത വര്‍ഷം അര്‍ജന്റീനാ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവനക്ക് അര്‍ജന്റീനയില്‍ നിന്ന് ആദ്യ സ്ഥിരീകരണം. അടുത്ത മാര്‍ച്ചില്‍ ചൈനയില്‍ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഐവറികോസ്റ്റും നൈജീരിയയുമായിരിക്കും ചൈനയിലെ മത്സരങ്ങളില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഐവറികോസ്റ്റുമായി ഹാങ്ചൗവിലും നൈജീരിയയുമായി ബെയ്ജിംഗിലുമാണ് കളിക്കുക.
2025 ല്‍ ഇന്ത്യയിലും ഓസ്‌ട്രേലിയയിലും കളിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്നും അസോസിയേഷന്റെ കമേഴ്‌സ്യല്‍ ആന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലിയാന്ദ്രൊ പീറ്റേഴ്‌സന്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ കളിക്കാമെന്നത് വലിയ ആവേശം നല്‍കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ ആരാധകരോട് നന്ദിയുണ്ട്. ഇതൊരു തുടക്കം മാത്രമായിരിക്കും. വാണിജ്യപരമായും സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തിലും ഒരുപാട് സാധ്യതകളുള്ള മാര്‍ക്കറ്റാണ് ഇന്ത്യ -അദ്ദേഹം പറഞ്ഞു.
2025 ഒക്ടോബറില്‍ കേരളത്തില്‍ അര്‍ജന്റീനാ ടീം രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നാണ് സ്‌പോര്‍ട്‌സ് മന്ത്രി പ്രഖ്യാപിച്ചത്. കേരളത്തിലെ അടിസ്ഥാന ഫുട്‌ബോള്‍ വളര്‍ച്ചയില്‍ അര്‍ജന്റീന സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2011 ല്‍ വെനിസ്വേലക്കെതിരെ അര്‍ജന്റീന കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം കളിച്ചിരുന്നു. മുക്കാല്‍ ലക്ഷം പേര്‍ കണ്ട മത്സരത്തില്‍ നിക്കൊളാസ് ഓടാമെന്‍ഡിയുടെ ഗോളില്‍ അര്‍ജന്റീന ജയിച്ചു.
അര്‍ജന്റീന ടീമിന് ഏറ്റവും ആരാധകരുള്ള പ്രദേശങ്ങളിലൊന്നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഖത്തറില്‍ ലോകകപ്പ് നേടിയ ശേഷം ഇന്ത്യന്‍ ആരാധകരുടെ പിന്തുണ അവര്‍ എടുത്തു പറഞ്ഞിരുന്നു. ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സി അര്‍ജന്റീന അസോസിയേഷന്റെ സ്‌പോണ്‍സര്‍മാരിലൊന്നാണ്.
കോപ അമേരിക്കയാണ് അര്‍ജന്റീനയുടെ അടുത്ത പ്രധാന ടൂര്‍ണമെന്റ്. ജൂണ്‍ 20 ന് കാനഡയോ ട്രിനിഡാഡ് ആന്റ് ടൊബാഗോയോ ആയിരിക്കും കോപ അമേരിക്കയിലെ ആദ്യ എതിരാളികള്‍.