സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പിന് വേഗം കൂട്ടി മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗം ഫെബ്രുവരി 15 ന് തിയേറ്ററുകളിലെത്തുന്നു. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് റിലീസ് തീയതി പുറത്ത് വിട്ടത്.
ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടി ദുർമന്ത്രവാദിയായി എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഭ്രമയുഗത്തിന്റെ രചന നിർവഹിച്ചത് സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ്. സംഭാഷണം പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. ഷെഹനാദ് ജലീൽ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിച്ചിരിക്കുന്നു.
വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഭ്രമയുഗം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആൻ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കിയത്.