ന്യൂയോര്‍ക്ക് - മനുഷ്യരാശിയുടെ കുതിച്ചുചാട്ടമെന്നാണ് ആ വിജയം വിശേഷിപ്പിക്കപ്പെട്ടത്. 1968 ലെ മെക്‌സിക്കൊ ഒളിംപിക്‌സിന്റെ ലോംഗ്ജമ്പില്‍ 8.90 മീറ്റര്‍ ചാടി സ്വര്‍ണം പിടിച്ചത് അവിശ്വസനീയമായാണ് ലോകം കണ്ടത്. ആ സ്വര്‍ണ മെഡല്‍ ലേലം ചെയ്യാനൊരുങ്ങുകയാണ് എഴുപത്തേഴുകാരന്‍. അതുമായുള്ള ബന്ധം വിഛേദിക്കാന്‍ സമയമായെന്ന് ബീമോന്‍ പറഞ്ഞു.
അതുവരെയുള്ള റെക്കോര്‍ഡ് 22 ഇഞ്ചോളമാണ് ബീമോന്‍ മെക്‌സിക്കോയില്‍ മെച്ചപ്പെടുത്തിയത്. 8.90 മീറ്ററിന്റെ റെക്കോര്‍ഡ് 1991 ലെ ടോക്കിയൊ ലോക ചാമ്പ്യന്‍ഷിപ് വരെ നിലനിന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലാണ് ബീമോന്റെ സ്വര്‍ണ മെഡല്‍ ലേലം ചെയ്യുക. ആറ് ലക്ഷം ഡോളര്‍ വരെ വില ലഭിച്ചേക്കാമെന്നാണ് കരുതുന്നത്.
ആ നേട്ടത്തിന്റെ വില അറിയുന്ന ആരെങ്കിലും മെഡല്‍ സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും അതുവഴി മെഡലിന് കൂടുതല്‍ പ്രചാരം ലഭിക്കണമെന്നും ബീമോന്‍ പറഞ്ഞു. പാരിസ് ഒളിംപിക്‌സ് ആസന്നമായിരിക്കെ മെഡല്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിക്കുമെന്നും ഇതിഹാസ താരം പറഞ്ഞു.
യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട് ചാട്ടങ്ങളും ഫൗളാക്കിയ ബീമോന്‍ മൂന്നാമത്തെയും അവസാനത്തെയും ചാട്ടത്തിലാണ് ഒളിംപിക്‌സിന് ബെര്‍ത്തുറപ്പിച്ചത്. 1968 ഒക്ടോബര്‍ 18നായിരുന്നു വിഖ്യാതമായ ചാട്ടം.
ഇപ്പോള്‍ തന്റെ പഴയ ഹോബി പിന്തുടരുകയാണ് ബീമോന്‍. ഒളിംപിക് സോള്‍ എന്ന പേരില്‍ ജാസ് ഗ്രൂപ്പുണ്ട്. ഡ്രമ്മിനോടുള്ള ഇഷ്ടം സ്‌പോര്‍ട്‌സ് തലയില്‍ കയറിയപ്പോള്‍ ഉപേക്ഷിച്ചതാണ്.