ദോഹ -ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയക്കെതിരായ ഷൂട്ടൗട്ടിലെ അവസാന കിക്കിന് മുമ്പ് ഗ്രൗണ്ട് വിട്ടത് ആരോടും അനാദരവ് പ്രകടിപ്പിക്കാനല്ലെന്ന് സൗദി അറേബ്യയുടെ കോച്ച് റോബര്‍ടൊ മാഞ്ചീനി. സൂപ്പര്‍ കോച്ചുകളുടെ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ യൂര്‍ഗന്‍ ക്ലിന്‍സ്മാന്റെ തെക്കന്‍ കൊറിയക്കെതിരെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകള്‍ വരെ സൗദി 1-0 ന് മുന്നിലായിരുന്നു. ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ സൗദി ഷൂട്ടൗട്ടില്‍ 4-2 ന് തോറ്റു.
അബ്ദുറഹമാന്‍ ഗരീബ് സൗദിയുടെ നാലാമത്തെ പെനാല്‍ട്ടി പാഴാക്കിയതോടെയാണ് മാഞ്ചീനി എജുക്കേഷന്‍ സിറ്റി ഗ്രൗണ്ട് വിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. ഹ്വാംഗ് ഹീ ചാന്‍ അടുത്ത കിക്ക് ഗോളാക്കി കൊറിയയെ ക്വാര്‍ട്ടറിലേക്ക് നയിച്ചു.
മാപ്പ് പറയുന്നു, എല്ലാം കഴിഞ്ഞുവെന്നു കരുതിയാണ് മടങ്ങിയത്. ആരോടും അനാദരവില്ല. എല്ലാ കളിക്കാര്‍ക്കും നന്ദി പറയുകയാണ്, അവര്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് ഞങ്ങള്‍ ഒരു മാസം ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങളൊരു ടീമാണ് -മാഞ്ചീനി പറഞ്ഞു.
ഓസ്‌ട്രേലിയയുമായി തെക്കന്‍ കൊറിയ ക്വാര്‍ട്ടറില്‍ ഫൈനലില്‍ ഏറ്റുമുട്ടും. നിശ്ചിത സമയത്തിന്റെ അവസാന സെക്കന്റുകളിലെ ഗോളിലൂടെ എക്‌സ്ട്രാ ടൈമിലേക്ക് കൊറിയ ആയുസ്സ് നീട്ടുകയായിരുന്നു (1-1). ചോ ഗൂ സുംഗാണ് ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ അബ്ദുല്ല റാദിഫിലൂടെ ഇടവേളക്കു ശേഷം മുപ്പത്തിനാലാം സെക്കന്റില്‍ സൗദി മുന്നിലെത്തിയിരുന്നു. എക്‌സ്ട്രാ ടൈമില്‍ മൂന്നു തവണ സൗദി ഗോളി അഹമദ് അല്‍കസറിന്റെയും അവസാന വേളയില്‍ കൊറിയന്‍ ഗോളി ഹാംഗ് വോണ്‍ ചോയുടെയും മിന്നുന്ന സെയ്‌വുകളാണ് സ്‌കോര്‍ തുല്യമാക്കി നിര്‍ത്തിയത്.
ഷൂട്ടൗട്ടില്‍ സാമി അല്‍നാജിയുടെയും അബ്ദുറഹമാന്‍ ഗരീബിന്റെയും കിക്കുകള്‍ കൊറിയന്‍ ഗോളി രക്ഷിച്ചു. സൗദിയുടെ മുഹമ്മദ് കാനു, സൗദ് അബ്ദുല്‍ഹമീദ്, കൊറിയയുടെ സോന്‍ ഹ്യുംഗ് മിന്‍, ഓ ഹ്യോംഗ് ഗ്യു, ജോ ക്യോ സോംഗ്, ഹ്വാംഗ് ഹീ ചാന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.