ദോഹ -ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ ഫൈനലില്‍ സൗദി അറേബ്യക്കെതിരെ ഇഞ്ചുറി ടൈം ഗോളില്‍ തെക്കന്‍ കൊറിയ എക്‌സ്ട്രാ ടൈമിലേക്ക് ആയുസ്സ് നീട്ടി. ഇഞ്ചുറി ടൈമിന്റെ ഒമ്പതാം മിനിറ്റില്‍ ചോ ഗൂ സുംഗാണ് ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ അബ്ദുല്ല റാദിഫിലൂടെ ഇടവേളക്കു ശേഷം മുപ്പത്തിനാലാം സെക്കന്റില്‍ സൗദി മുന്നിലെത്തിയിരുന്നു. ജയിക്കുന്ന ടീം ഓസ്‌ട്രേലിയയുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.
ഗോള്‍ വീണ ശേഷം തിരിച്ചടിക്കാന്‍ കൊറിയ എല്ലാ ശ്രമവും നടത്തിയെങ്കിലും സൗദി പ്രതിരോധവും രണ്ടാം ഗോളി അഹമദ് അല്‍കസറും അവസാന മിനിറ്റുകള്‍ വരെ ഉറച്ചുനിന്നു പലതവണ അല്‍കസര്‍ ടീമിന്റെ രക്ഷകനായി. ഇഞ്ചുറി ടൈമില്‍ ക്രോസ് ബാറും കൊറിയക്ക് തടസ്സം നിന്നു. പ്രത്യാക്രമണത്തില്‍ സൗദിയും ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചു. റാദിഫിന്റെ ഒരു മുന്നേറ്റം ബോക്‌സ് വിട്ടിറങ്ങി കൊറിയന്‍ ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. 1964 നു ശേഷം കൊറിയ ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായിട്ടില്ല.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ അബ്ദുല്ല റാദിഫാണ് ഗോളടിച്ചത്. സാലിഹ് അല്‍ശഹരിക്കു പകരം ഇടവേളക്കു ശേഷം പകരക്കാരനായിറങ്ങിയ റാദിഫ് കിക്കോഫില്‍ നിന്ന് പ്രതിരോധം തുളച്ചു കിട്ടിയ പാസുമായി ബോക്‌സിലേക്ക് കുതിച്ച് ഗോളിയെ കീഴടക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. ഇടവേളക്ക് അല്‍പം മുമ്പ് തുടരെ രണ്ടു തവണ ക്രോസ് ബാര്‍ സൗദിക്ക് തടസ്സം നിന്നു. ആദ്യം സാലിഹ് അല്‍ശഹരിയുടെ ഹെഡര്‍ ക്രോസ്ബാറിനിടിച്ച് തെറിച്ചു. റീബൗണ്ട് അലി അലജമി തിരിച്ചുവിട്ടപ്പോഴും ക്രോസ്ബാറിനിടിച്ചു. മൂന്നാം തവണ സൗദി ശ്രമിച്ചപ്പോള്‍ കോര്‍ണര്‍ വഴങ്ങി കൊറിയന്‍ പ്രതിരോധം അപകടമകറ്റി.
സൗദി ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരും കൊറിയ ഗ്രൂപ്പ് ഇ-യില്‍ രണ്ടാം സ്ഥാനക്കാരുമായിരുന്നു. ഏഷ്യന്‍ കപ്പില്‍ കൊറിയയുമായി മൂന്നു തവണ സൗദി കളിച്ചിട്ടുണ്ട്. ഒരിക്കല്‍പോലും തോറ്റിട്ടില്ല.