റിയാദ് - ബാഴ്‌സലോണയില്‍ ലിയണല്‍ മെസ്സിക്കൊപ്പം കളിച്ച ക്രൊയേഷ്യന്‍ താരം ഇവാന്‍ റാകിറ്റിച് സൗദി പ്രൊ ലീഗിലേക്ക്. ഇപ്പോള്‍ സെവിയയില്‍ കളിക്കുന്ന മുപ്പത്തഞ്ചുകാരന്‍ മിഡ്ഫീല്‍ഡര്‍ അല്‍ശബാബുമായി കരാറൊപ്പിടും. സെവിയയില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് പോയ റാകിറ്റിച് പിന്നീട് പഴയ ക്ലബ്ബില്‍ തിരിച്ചെത്തിയതായിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും സ്പാനിഷ് ലീഗിലും സെവിയയുടെ വിജയങ്ങളില്‍ റാകിറ്റിച്ചിന്റെ മധ്യനിരയില്‍ നിന്നുള്ള സേവനം അതുല്യമായിരുന്നു.
2011 ല്‍ ജര്‍മന്‍ ക്ലബ്ബ് ഷാള്‍ക്കെയില്‍ നിന്നാണ് റാകിറ്റിച് സെവിയയിലെത്തിയത്. പിന്നീട് ബാഴ്‌സലോണയില്‍ ചേര്‍ന്ന ശേഷം 2020 ല്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം സെവിയക്കൊപ്പം യൂറോപ്പ ലീഗ് ചാമ്പ്യനായി. 2013-14 ലും അവര്‍ക്കൊപ്പം കിരീടം നേടിയിരുന്നു. സെവിയയില്‍ മുന്നൂറിലേറെ മത്സരം കളിച്ച ഏക വിദേശിയാണ് റാകിറ്റിച്. ബാഴ്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും യൂറോപ്യന്‍ സൂപ്പര്‍ കപ്പും നേടി. 2007 മുതല്‍ 2019 വരെ ക്രൊയേഷ്യക്കു വേണ്ടി നൂറിലേറെ മത്സരങ്ങളില്‍ ഇറങ്ങി. 2018 ലെ ലോകകപ്പില്‍ ഫൈനല്‍ കളിച്ചു.