അഗര്‍ത്തല - വിമാനത്തില്‍ വെച്ച് വെള്ളം കുടിച്ച ശേഷം കടുത്ത അസ്വസ്ഥത അനുഭവപ്പെട്ട കര്‍ണാടക രഞ്ജി ക്യാപ്റ്റന്‍ മായാങ്ക് അഗര്‍വാളിനെ ത്രിപുരയിലെ അഗര്‍ത്തലയില്‍ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. വെള്ളമാണെന്ന് കരുതി കുപ്പിയില്‍ നിന്ന് ദ്രാവകം കുടിച്ച ശേഷം വയറു വേദനയും തൊണ്ടയിലും വായിലും നീറ്റലും അനുഭവപ്പെടുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെയും ഓപണറായിരുന്നു മായാങ്ക്.
കര്‍ണാടക ടീമിന്റെ രഞ്ജി മത്സരത്തിനായി അഗര്‍ത്തലയില്‍ നിന്ന് സൂറത്ത് വഴി ന്യൂദല്‍ഹിയിലേക്ക് പോവുകയായിരുന്നു അഗര്‍വാള്‍. വെള്ളിയാഴ്ച റെയില്‍വേസിനെതിരെ കര്‍ണാടകയുടെ അടുത്ത റൗണ്ട് മത്സരം ആരംഭിക്കുകയാണ്. അഗര്‍വാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തതോടെ അഗര്‍ത്തലയില്‍നിന്ന് പുറപ്പെട്ട വിമാനം അവിടേക്ക് തന്നെ മടങ്ങി. അഗര്‍വാളിനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റു കര്‍ണാടക കളിക്കാര്‍ യാത്ര തുടര്‍ന്നു.
ഈ സീസണില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ ശതകവുമായി മികച്ച ഫോമിലായിരുന്നു അഗര്‍വാള്‍. നിഖിന്‍ ജോസ് അടുത്ത മത്സരത്തില്‍ കര്‍ണാടകയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തേക്കും.