Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെസ്സിയുടെ മത്സരം തെളിയിച്ചു, റൊണാള്‍ഡൊ പറഞ്ഞതാണ് ശരി

റിയാദ് - സൗദി സൂപ്പര്‍ ലീഗ് മേജര്‍ ലീഗ് സോക്കറിനെയും ഫ്രഞ്ച് ലീഗിനെയുംകാള്‍ മികച്ചതാണെന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അഭിപ്രായം ശരിയാണോ? തല്‍ക്കാലമെങ്കിലും അത് ശരിയാണെന്ന നിലപാടിലാണ് ഫുട്‌ബോള്‍ ആരാധകര്‍. റിയാദ് സീസണ്‍ കപ്പ് ഫുട്‌ബോളില്‍ ലിയണല്‍ മെസ്സിയുടെ മേജര്‍ ലീഗ് ടീം ഇന്റര്‍ മയാമിയെ സൗദി ക്ലബ്ബ് അല്‍ഹിലാല്‍ 4-3 ന് തോല്‍പിച്ച ശേഷം റൊണാള്‍ഡോയുടെ അഭിപ്രായം ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. മയാമിക്കെതിരെ ഗോളടിച്ച ശേഷം അല്‍ഹിലാലിന്റെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മിഷേല്‍ ആഘോഷിച്ചതും പരോക്ഷമായി മെസ്സിയെ പരിഹസിക്കുന്ന രീതിയിലാണ്. റൊണാള്‍ഡോയുടെ സിയൂ ശൈലിയിലായിരുന്നു സ്‌ട്രൈക്കറുടെ ആഘോഷം. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി താരസമ്പന്നമായ പ്ലേയിംഗ് ഇലവനെയാണ് മയാമി കളത്തിലിറക്കിയത്. യോര്‍ദി ആല്‍ബയും സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സും ലൂയിസ് സോറസുമൊക്കെ മെസ്സിക്കൊപ്പം ബൂട്ട് കെട്ടി. 
എന്നാല്‍ ഹിലാലാണ് ആക്രമിച്ചത്. അലക്‌സാണ്ടര്‍ മിത്രോവിച്ചും അബ്ദുല്ല അല്‍ഹംദാനും സ്‌കോര്‍ ചെയ്തതോടെ 13 മിനിറ്റാവുമ്പോഴേക്കും അല്‍ഹിലാല്‍ 2-0 ന് മുന്നിലെത്തിയിരുന്നു. മയാമിക്കു വേണ്ടിയുള്ള ആദ്യ ഗോളിലൂടെ 34ാം മിനിറ്റില്‍ ലൂയിസ് സോറസ് തിരിച്ചടിച്ചു. എന്നാല്‍ ഇടവേളക്ക് അല്‍പം മുമ്പ് മിഷേലിന്റെ ഗോളില്‍ അല്‍ഹിലാല്‍ രണ്ടു ഗോള്‍ ലീഡ് വീണ്ടെടുത്തു. 
അമ്പത്തിനാലാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ മെസ്സിയും 55ാം മിനിറ്റില്‍ പത്തൊമ്പതുകാരന്‍ ഡേവിഡ് റൂയിസും സ്‌കോര്‍ ചെയ്തതോടെ സ്‌കോര്‍ തുല്യമായി. കളി തീരാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ മാല്‍ക്കമാണ് അല്‍ഹിലാലിന്റെ വിജയ ഗോളടിച്ചത്. 

പരിഹസിച്ച് ഹിലാല്‍
റൂബന്‍ നെവെസുമായി പന്തിനായി പൊരുതവെ വീണ മെസ്സിയുടെ പടം ഹിലാല്‍ പോസ്റ്റ് ചെയ്യുകയും സാരമില്ല ലിയോ, (നെവെസുമായുള്ള പോരാട്ടത്തില്‍ വീഴുന്ന) ആദ്യത്തെയാളല്ല താങ്കള്‍ എന്ന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. 
കളി കഴിഞ്ഞ ശേഷം ഗോള്‍ നില പോസ്റ്റ് ചെയ്തപ്പോഴും ഇന്റര്‍ മയാമി പൂര്‍ണ കരുത്തുള്ള ടീമിനെ ഇറക്കിയതിനെ അല്‍ഹിലാല്‍ കളിയാക്കി. 'ഞങ്ങള്‍ അത്ര കാര്യമാക്കിയെടുത്തില്ല' എന്നായിരുന്നു അടിക്കുറിപ്പ്. 
റൊണാള്‍ഡോക്ക് നേരിട്ട് മറുപടി നല്‍കാന്‍ മെസ്സിക്കും കൂട്ടര്‍ക്കും വ്യാഴാഴ്ച അവസരം കിട്ടും. അന്നാണ് ഇന്റര്‍ മയാമിയും അന്നസ്‌റുമായുള്ള മത്സരം. പരിക്ക് ഭേദമായ റൊണാള്‍ഡൊ കളിക്കുമെന്നാണ് സൂചന.
 

Latest News