ആബിദ്ജാന്‍ - ആഫ്രിക്കന്‍ കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ സെനഗാലിനെ ആതിഥേയരായ ഐവറികോസ്റ്റ് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടില്‍ ഞെട്ടിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വറ്റോറിയല്‍ ഗ്വിനിയോട്് മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ന്ന ഐവറികോസ്റ്റ് മറ്റു ഫലങ്ങളുടെ ഔദാര്യത്തിലാണ് നോക്കൗട്ടില്‍ കടന്നുകൂടിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 സമനിലയായിരുന്നു. ഷൂട്ടൗട്ടില്‍ 5-4 ന് ഐവറികോസ്റ്റ് ജയിച്ചു.
ഗ്രൂപ്പുകളില്‍ മൂന്നാം സ്ഥാനത്തെത്തിയ നാല് ടീമുകള്‍ പ്രി ക്വാര്‍ട്ടറില്‍ എത്തിയതില്‍ ഏറ്റവും മോശം റെക്കോര്‍ഡ് ഐവറികോസ്റ്റിനായിരുന്നു. ഇക്വറ്റോറിയല്‍ ഗ്വിനിയോടുള്ള അവരുടെ തോല്‍വി ഹോം മത്സരത്തിലെ ഏറ്റവും മോശം പരാജയമായിരുന്നു. തുടര്‍ന്ന് കോച്ച് ഫ്രഞ്ച് കോച്ച് ലൂയിസ് ഗസറ്റിനെ പുറത്താക്കിയാണ് നോക്കൗട്ട് കളിച്ചത്. മുന്‍ സൗദി കോച്ച് കൂടിയായ അവരുടെ പഴയ പരിശീലകന്‍ ഹെര്‍വ് റെനോയെ താല്‍ക്കാലികമായി കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് മുന്‍ ഇന്റര്‍നാഷനല്‍ എമേഴ്‌സ് ഫേയുടെ പരിശീലനത്തിലാണ് പ്രി ക്വാര്‍ട്ടര്‍ കളിച്ചത്.
നാലാം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ സാദിയൊ മാനെയുടെ ക്രോസില്‍ നിന്ന് ഹബീബ് ദിയാലോ നേടിയ ഗോളിലൂടെ സെനഗാല്‍ ലീഡ് നേടി. തൊട്ടുപിന്നാലെ ഇബ്രാഹിം സന്‍ഗാരെയെ ചവിട്ടിയിട്ടതിന് മാനെ ചുവപ്പ് കാര്‍ഡ് കാണാതിരുന്നത് ഭാഗ്യം കൊണ്ടായിരുന്നു. രണ്ടാം പകുതിയില്‍ ഇസ്മായില്‍ സാറിനെ ബോക്‌സില്‍ തള്ളിയിട്ടതിന് സെനഗാല്‍ പെനാല്‍ട്ടിക്കായി വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല.
അവസാന വേളയില്‍ നിക്കൊളാസ് പെപ്പെയെ സെനഗാല്‍ ഗോളി എഡ്വേഡ് മെന്‍ഡി വീഴ്ത്തിയതിന് നല്‍കിയ പെനാല്‍ട്ടിയാണ് ഐവറികോസ്റ്റിന് പിടിവള്ളിയായത്. സൗദി ക്ലബ്ബ് അല്‍അഹ്‌ലിക്കു കളിക്കുന്ന പകരക്കാരന്‍ ഫ്രാങ്ക് കെസി ഗോളാക്കി.
ഷൂട്ടൗട്ടില്‍ സെനഗാലിന്റെ മൂസ നിയാഖാടെയുടെ കിക്ക് ക്രോസ്ബാറിനിടിച്ച് തെറിച്ചതോടെ ഐവറികോസ്റ്റ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. മാലിയോ ബുര്‍ഖിനാഫാസോയോ ആയിരിക്കും ഐവറികോസ്റ്റിന്റെ എതിരാളികള്‍.
മൗറിത്താനിയയെ 1-0 ന് തോല്‍പിച്ച് കേപ് വെര്‍ദെയും ക്വാര്‍ട്ടറിലെത്തി. 88ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെയാണ് വിജയ ഗോള്‍ പിറന്നത്.