സോറി ഫലസ്തീന്‍, ഖത്തര്‍ ക്വാര്‍ട്ടറില്‍

ദോഹ - ആദ്യം ഗോള്‍ വഴങ്ങിയെങ്കിലും ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ആദ്യമായി നോക്കൗട്ട് കളിക്കുന്ന ഫലസ്തീനെ അവര്‍ 2-1 ന് തോല്‍പിച്ചു. ഉസ്‌ബെക്കിസ്ഥാനെയോ തായ്‌ലന്റിനെയോ ഖത്തര്‍ ക്വാര്‍ട്ടറില്‍ നേരിടും. തായ്‌ലന്റാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീം-113ാം സ്ഥാനത്ത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗാലറിയില്‍ പലരും സോറി, ഫലസ്തീന്‍ എന്ന ബാനറുകള്‍ ഉയര്‍ത്തി. തോറ്റെങ്കിലും ഫലസ്തീന്‍ കളിക്കാര്‍ ചാമ്പ്യന്മാരാണെന്ന് അവരുടെ ഏറ്റവും മികച്ച ഏഷ്യന്‍ കപ്പിനു ശേഷം കോച്ച് മഖ്‌റം ദബൂബ് അഭിപ്രായപ്പെട്ടു. ഹോങ്കോംഗിനെ 3-0 ന് തോല്‍പിച്ചാണ് അവര്‍ പ്രി ക്വാര്‍ട്ടറിലെത്തിയത്. 

ഖത്തറിനെതിരെയും ആദ്യം ഗോളടിച്ചത് ഫലസ്തീനാണ്, മുപ്പത്തേഴാം മിനിറ്റില്‍ ഉദയ് ദബ്ബാഗ് സ്‌കോര്‍ ചെയ്തു. കൈകളില്‍ ചങ്ങലയെന്ന ആംഗ്യം കാണിച്ച് ഫലസ്തീന്‍ ജനതയുടെ അവസ്ഥ പ്രതിഫലിപ്പിച്ചാണ് അവര്‍ ഗോളാഘോഷിച്ചത്. 
41 സ്ഥാനം പിന്നിലുള്ള ഫലസ്തീനെതിരെ ക്രമേണ ഖത്തര്‍ ആധിപത്യം നേടി. ഇടവേളക്ക് അല്‍പം മുമ്പ് ക്യാപ്റ്റന്‍ ഹസന്‍ അല്‍ഹൈദോസിലൂടെ അവര്‍ സമനില നേടി. അക്രം അഫീഫാണ് സമര്‍ഥമായി അവസരമൊരുക്കിയത്. ഇടവേള കഴിഞ്ഞ് നാലാം മിനിറ്റില്‍ അഫീഫ് ടൂര്‍ണമെന്റിലെ തന്റെ നാലാം ഗോളിലൂടെ ലീഡ് പിടിച്ചു. 
അറുപതിനായിരം പേരാണ് കളി കാണാനെത്തിയത്. ഇതുവരെ പത്ത് ലക്ഷത്തിലേറെ പേര്‍ കളി കണ്ടു. ഏറ്റവുമധികം പേര്‍ വീക്ഷിച്ച ഏഷ്യന്‍ കപ്പായി ഇത്. 2004 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ കപ്പിനായിരുന്നു നിലവിലെ റെക്കോര്‍ഡ്.
 

Latest News