ദോഹ - വിജയസാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ ഇഞ്ചുറി ടൈം ഗോളില്‍ ഇരട്ട ഗോളടിച്ച ജോര്‍ദാന്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ ഇറാഖിനെ 3-2 ന് തോല്പിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍ വരെ ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ 77 ാം മിനിറ്റില്‍ അയ്മന് ഹുസൈന് ചുവപ്പ് കാര്‍ഡ് കണ്ടതാണ് ഇറാഖിന് തിരിച്ചടിയായത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യസാന്‍ അല്നയ്മത്തിലൂടെ മുന്‍ ചാമ്പ്യന്മാരെ ജോര്‍ദാന്‍ ഞെട്ടിച്ചു. എന്നാല്‍ അറുപത്തെട്ടാം മിനിറ്റില്‍ സഅദ് നാതിഖും എഴുപത്താറാം മിനിറ്റില്‍ അയ്മന് ഹുസൈനും നേടിയ ഗോളുകള്‍ ഇറാഖിന്റെ ആധിപത്യം വീണ്ടെടുത്തു. ടൂര്‍ണമെന്റില്‍ അയ്മന്റെ ആറാം ഗോളായിരുന്നു അത്. എന്നാല്‍ ഗോളാഘോഷം പരിധി വിട്ടതോടെ അയ്മന് ചുവപ്പ് കാര്‍ഡ് കിട്ടി. അത് കളിയില്‍ വഴിത്തിരിവായി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ യസാന്‍ അല്‍അറബും രണ്ടു മിനിറ്റിനു ശേഷം നിസാര്‍ അല്റഷ്ദാനും നേടിയ ഗോളുകളിലൂടെ ജോര്‍ദാന്‍ ക്വാര്‍ട്ടറിലേക്ക് വഴി കണ്ടു. താജിക്കിസ്ഥാനുമായാണ് ജോര്‍ദാന്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.
ഗ്രൂപ്പ് ഘട്ടത്തില്‍ തെക്കന്‍ കൊറിയയെ തോല്പിക്കുന്നതിന് നിമിഷങ്ങള്‍ അടുത്തെത്തിയ ജോര്‍ദാന്‍ തന്നെയാണ് 2007 ലെ ചാമ്പ്യന്മാരായ ഇറാഖിനെതിരെയും ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ ഇറാഖ് ഗോളി ജലാല്‍ ഹസ്സന് ഉരുക്കുമതിലായി നിന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ അട്ടിമറിച്ച ഇറാഖ് രണ്ടാം പകുതിയില്‍ ഉണര്‍ന്നു. പലതവണ ഗോളി യസീദ് അബുലൈല മിന്നുന്ന സെയ്വുകളിലൂടെ ടീമിന്റെ ലീഡ് കാത്തു. ഒടുവില്‍ കോര്‍ണറില്‍ നിന്നായിരുന്നു ഡിഫന്റര്‍ നാതിഖ് സമനില നേടിയത്.